ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. മോദിക്ക് ശേഷം രണ്ടാമനായി സത്യവാചകം ചൊല്ലിയത് രാജ്നാഥ് സിംഗായിരുന്നു. മൂന്നാമത് അമിത് ഷായും നാലാമത് ഗഡ്കരിയുമാണ് സത്യവാചകം ചൊല്ലിയത്. മൂന്ന് മന്ത്രിമാരും മുൻ മന്ത്രിസഭാംഗങ്ങളാണ്.
ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. നിലവിൽ രാജ്യസഭാംഗമായ നിർമല, കാബിനറ്റിൽ കഴിഞ്ഞ അഞ്ച് വർഷം ധനവകുപ്പ് കൈകാര്യം ചെയ്ത നേതാവാണ്.
മോദി സർക്കാരിൽ രണ്ടാമൂഴം ഉറപ്പിച്ച് എസ് ജയശങ്കറും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ച ജയശങ്കറിന്റെ നയതന്ത്രമികവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറാണ് കാബിനറ്റിൽ ഇടംപിടിച്ച മറ്റൊരാൾ. അതിന് ശേഷം കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാരിന്റെ മുൻ മന്ത്രിസഭാംഗമായ പീയൂഷ് ഗോയലും മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചു. മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ 72 അംഗങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കളായ ധർമേന്ദ്ര പ്രധാൻ, മൻസൂഖ് മാണ്ഡവ്യ, ഡോ. വീരേന്ദ്ര കുമാർ, ജുവാൽ ഓറം, പ്രൽഹാദ് ജോഷി, ഗിരിരാജ് സിംഗ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിംഗ്, അന്നപൂർണ ദേവി, ഗജേന്ദ്രസിംഗ് ഷെഖാവത്ത്, കിരൺ റിജിജു, ഭൂപേന്ദർ യാദവ്, ഹർദീപ് സിംഗ് പുരി, സർബാനന്ദ സോനോവാൾ, സിആർ പാട്ടീൽ, ജി. കിഷൻ റെഡ്ഡി, ജെഡിയുവിന്റെ ലല്ലൻ സിംഗ്, രാജീവ് രഞ്ജൻ, എച്ച്എഎം നേതാവ് ജിതൻ റാം മാഞ്ചി, ടിഡിപിയുടെ രാം മോഹൻ നായിഡു, എൽജെപി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.