ബിജെപിയുടെ തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ ഇത്തവണ കേന്ദ്രമന്ത്രിയായിരിക്കുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേയ്‌ക്ക് ബണ്ടി സഞ്ജയ് കുമാർ എത്തിയതിന് ശേഷമായിരുന്നു. കരിംനഗർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേന്ദ്രമന്ത്രി സഭയിലേക്കുള്ള ബണ്ടിയുടെ കടന്നുവരവ്.
1971 ജൂലൈ 11ന് ബി. നർസയ്യയുടെയും ബി. ശകുന്തളയുടെയും മകനായാണ് ബണ്ടി സഞ്ജയ് കുമാർ ജനിച്ചത്. കരിംനഗറിലെ ശ്രീ സരസ്വതി ശിശുമന്ദിര് ഉന്നത പാഠശാലയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പത്തിൽ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും സജീവമായിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തുമായി ചേർന്നുള്ള പ്രവർത്തനമാണ് ബണ്ടി സഞ്ജയ് കുമാറിനെ രാഷ്‌ട്രീയത്തിൽ എത്തിച്ചത്. ഒടുവിൽ സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായി. 1996-ൽ എൽ.കെ അദ്വാനിയുടെ സൂറത്ത് രഥയാത്രയിൽ ഒപ്പം ചേന്ന് ഇന്ത്യയിലുടനീളം 35 ദിവസം പ്രചാരണം നടത്തി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കരിംനഗർ മണ്ഡലത്തിൽ നിന്നാണ് സഞ്ജയ് കുമാർ ബിജെപിക്കായി ആദ്യം മത്സരിച്ചത്. അന്ന് ബിആർഎസുമായും കോൺഗ്രസുമായും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി 89,508 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സഞ്ജയ് കുമാർ വിജയം നേടി. കാര്യമായ വോട്ടുബാങ്കില്ലാതിരുന്ന തെലങ്കാനയിൽ, ശക്തരായ എതിരാളികളെ തറപറ്റിച്ച് സ്വന്തമാക്കിയ അഭിമാനകരമായ നേട്ടമായിരുന്നു അത്. ഇതോടെ, തെലങ്കാനയിൽ നിന്നുള്ള നാല് ബിജെപി എംപിമാരിൽ ഒരാളായി ബണ്ടി മാറി, പാർട്ടിക്ക് ചരിത്രപരമായ നേട്ടമായിരുന്നു ഇത്. ഇത്തവണ വീണ്ടും കരിംനഗറിൽ നിന്ന് ജനവിധി തേടിയപ്പോൾ 44.57 ശതമാനം വോട്ടുകളും സഞ്ജയ് കുമാർ സ്വന്തമാക്കിയിരുന്നു. 2.25 ലക്ഷത്തിന്റെ വമ്പൻ ഭൂരിപക്ഷത്തോടെയാണ് കരിംനഗറിന്റെ എംപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്.