ഒഡിഷയിൽ നിന്നുള്ള ബിജെപി നേതാവും വാജ്പേയ് മന്ത്രിസഭയിലെ അംഗവുമായിരുന്ന ജുവൽ ഓറം വീണ്ടും കാബിനറ്റ് മന്ത്രിയായി അധികാരമേറ്റു. 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ വനവാസി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഇതിന് ശേഷം ഒന്നാം മോദി സർക്കാരിലും കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
വനവാസി കുടുംബത്തിൽ ജനിച്ചുവളർന്ന ജുവൽ ഓറം ഒഡിഷയിലെ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. ദാരിദ്ര്യം വേട്ടയാടിയ ബാല്യകാലത്തെ അതിജീവിച്ച് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ ജുവൽ, ഇലക്ട്രിക് എൻജിനീയറിംഗിൽ ഡിപ്ലോമയും സ്വന്തമാക്കി. രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപ് BHELൽ ആറ് വർഷത്തോളം ജോലി ചെയ്തിരുന്നു. 1989ൽ ബിജെപിയുടെ ഭാഗമായ അദ്ദേഹം 1990ൽ ഒഡിഷയിലെ ബോണായ് മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വട്ടം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനിടെ പാർട്ടിയുടെ മറ്റ് പല ചുമതലകളും ജുവലിൽ നിക്ഷിപ്തമായിരുന്നു.
ബിജെപി എസ്ടി മോർച്ചയുടെ ദേശീയ ഉപാദ്ധ്യക്ഷനായും ദേശീയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 1998ൽ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നും എംപിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് 1999ൽ വാജ്പേയ് സർക്കാരിന്റെ മന്ത്രിസഭയുടെ ഭാഗമായത്. വനവാസി ക്ഷേമകാര്യ വകുപ്പിന്റെ പ്രഥമ മന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റതെന്ന സവിശേഷതയുമുണ്ട്.