ഇസ്‌ലാമാബാദ്: മൂന്നാം വട്ടവും സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തിയ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാകിസ്താൻ. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റേതാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന അഭിനന്ദന സന്ദേശം. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ചത്.
“ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ” ഷെഹ്ബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.
മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അയൽ രാജ്യങ്ങളിലെയും സൗഹൃദ രാഷ്‌ട്രങ്ങളിലെയും പ്രമുഖർ അതിഥികളായി പങ്കെടുത്തു. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 543 സീറ്റിൽ 293 സീറ്റും നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുന്നത്.















