ന്യൂഡൽഹി: ഇത്തവണ മോദി സർക്കാരിൽ ഇടംപിടിച്ചത് മുൻ മുഖ്യമന്ത്രിമാരായ ആറ് പേർ. കാബിനറ്റ് മന്ത്രിസഭയിൽ ആറ് മുൻ മുഖ്യമന്ത്രിമാരാണ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കാർഷിക വകുപ്പും ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ഊർജം, നഗരകാര്യം എന്നീ വകുപ്പുകളും കൈമാറി.
ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചിക്ക് എംഎസ്എംഇയുടെ (MSME) ചുമതലയാണ് നൽകിയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി രാജ്നാഥ് സിംഗ് പ്രതിരോധ വകുപ്പിൽ തുടരും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തുറമുഖ, ഷിപ്പിംഗ് മന്ത്രിയാണ്. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിക്ക് വ്യവസായം, സ്റ്റീൽ എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്.
മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കരുത്തരെ നിലനിർത്തിയിരുന്നു. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളിലെ മന്ത്രിമാർക്ക് മാറ്റമില്ല. റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവും വിദ്യാഭ്യാസ മന്ത്രിയായി ധർമേന്ദ്ര പ്രധാനും തുടരും. ആരോഗ്യവകുപ്പ് ജെ.പി നദ്ദയ്‌ക്കാണ് നൽകിയത്. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പ്രധാന വകുപ്പുകളുടെ സഹമന്ത്രി ചുമതലയാണ്. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രി ചുമതലയാണ് സുരേഷ് ഗോപിക്ക്. ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരോത്പാദന വകുപ്പുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.