ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അഭിനന്ദന സന്ദേശങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്നവരാണ്. അവരുടെ സുരക്ഷയാണ് സർക്കാരിന് പരമ പ്രധാനമെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിനുപിന്നിൽ പാക് പിന്തുണയുള്ള ലഷ്കർ സംഘടനയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാക് നേതാക്കൾക്കുള്ള മോദിയുടെ മറുപടി.
“നിങ്ങളുടെ ആശംസകൾക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങൾ എല്ലായ്പ്പോഴും സമാധാനത്തിനും സുരക്ഷയ്‌ക്കും പുരോഗമനപരമായ ആശയങ്ങൾക്കും വേണ്ടി നിലകൊണ്ടവരാണ്. അവരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായിരിക്കും ഞങ്ങളുടെയും പ്രഥമ പരിഗണന,” നവാസ് ഷെരീഫിന്റെ പോസ്റ്റിന് മറുപടിയായി മോദി എക്‌സിൽ കുറിച്ചു.
പാകിസ്താൻ തീവ്രവാദത്തിന് മൗനാനുവാദം നൽകുന്ന കാലത്തോളം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ സാധ്യമല്ലെന്ന ഇന്ത്യൻ നിലപാട് വീണ്ടും ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു മോദിയുടെ മറുപടി. ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് വഴിയൊരുങ്ങിയിരുന്നെങ്കിലും 2019 ലെ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ നിർണായക ചുവടുവയ്പ്പ് നടത്തിയതോടെ പാകിസ്താനും നയതന്ത്ര ബന്ധങ്ങൾ പരിമിതപ്പെടുത്തി.















