സൂപ്പർ 8 ലക്ഷ്യമിട്ട് അമേരിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ തലവേദന ഒഴിയാത്ത സ്ഥിതിയാണ്. രവീന്ദ്ര ജഡേജ, ശിവം ദുബെ, സൂര്യകുമാർ യാദവ്, വിരാട് കോലി എന്നിവരുടെ ഫാേമാണ് അലട്ടുന്ന പ്രശ്നം. നാസോ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അവസാന മത്സരമാണിത്. ഇതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരം ഫ്ലോറിഡയിലാണ്.
മൂന്നാം മത്സരം വിജയിച്ച് സൂപ്പർ 8ൽ പ്രവേശിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഗ്രൂപ്പിലെ അട്ടിമറിക്കാരായ യുഎസ്എയും മിന്നും ഫോമിലാണ്. ടീമിലെ പകുതിയിലേറെയുള്ളതും ഇന്ത്യൻ വംശജരാണ്. അവർ പാകിസ്താനെയും കാനഡയും തകർത്തത് ഓൾ റൗണ്ട് പ്രകടനത്തിലൂടെയാണ്. ആ മികവ് തുടർന്നാൽ ഇന്ത്യയും വിറയ്‌ക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ പാകിസ്താനെതിരെ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ ബൗളിംഗ് നിര അപാര ഫോമിലാണ്.
എന്നാൽ ബാറ്റിംഗ് നിരയിലെ പ്രശ്നങ്ങൾ വെല്ലുവിളിയാണ്. ഫോമിലല്ലല്ലെങ്കിലും വിരാട് കോലി ഇലവനിൽ തുടരും. ജയ്സ്വാൾ ഇന്നും പുറത്തിരിക്കാനാണ് സാദ്ധ്യത. എന്നാൽ സൂര്യകുമാറിനെയോ ശിവം ദുബെയെയോ മാറ്റി സഞ്ജുവിനെ പരീക്ഷിക്കാൻ സാദ്ധ്യതയുണ്ട്. ഇതിനൊപ്പം താളം കണ്ടെത്താത്ത രവീന്ദ്ര ജഡേജയും പുറത്താകുമോ എന്ന സാദ്ധ്യതയുണ്ട്. പകരം കുൽദീപിനെ ഉൾപ്പെടുത്തുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദുബെ ഇതുവരെ പന്തെറിഞ്ഞിട്ടില്ല, പാകിസ്താനെതിരെ ബാബർ അസമിന്റെ ക്യാച്ചും കൈവിട്ടിരുന്നു.