സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു രാഷ്‌ട്രീയക്കാരൻ ആയിരിക്കും അച്ഛനെന്ന് തനിക്കുറപ്പുണ്ട്. അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയാണെന്നും ഭാരതത്തിനും കേരളത്തിനും വേണ്ടി അച്ഛന് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും ഗോകുൽ പ്രതികരിച്ചു.
“അച്ഛന്റെ വിജയത്തിൽ സന്തോഷം. ഇങ്ങനെയൊക്കെ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം മന്ത്രിയായി, അച്ഛനെ കൊണ്ട് കേരളത്തിനും രാജ്യത്തിനും ഗുണം ഉണ്ടാകട്ടെ. മനസ്സുകൊണ്ട് തയ്യാറെടുത്താണ് അച്ഛൻ ഇതിലേക്ക് ഇറങ്ങിയത്. സ്വജനപക്ഷപാതവും അഴിമതിയുമുള്ള ഒരു രാഷ്‌ട്രീയക്കാരൻ ആയിരിക്കില്ല എന്റെ അച്ഛൻ എന്നത് എനിക്ക് ഉറപ്പാണ്. അദ്ദേഹത്തിനെതിരെ നടക്കുന്നതെല്ലാം ഒരു അജണ്ടയുടെ പുറത്താണ്. അദ്ദേഹം വിജയിച്ചപ്പോൾ നല്ലത് പറയുന്നു, അല്ലാത്തപ്പോൾ മോശവും”.
“അച്ഛൻ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും മാധ്യമങ്ങൾ വാർത്തയാക്കില്ല. അമ്മയുടെ എല്ലാ പിന്തുണയും അച്ഛനുണ്ട്. അച്ഛന് വളരാനുള്ള എല്ലാ സ്പേസും അമ്മ നൽകുന്നു. അച്ഛന് എല്ലാതരത്തിലും പിന്തുണ നൽകുന്ന അമ്മയാണ് ഞങ്ങളുടേത്. അച്ഛനെ മാത്രമല്ല ഞങ്ങൾ മക്കളെയും അമ്മ അങ്ങനെയാണ് നോക്കുന്നത്. അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയുണ്ട്”- ഗോകുൽ സുരേഷ് പറഞ്ഞു.















