ജമ്മുകശ്മീരിലെ റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം ഹസൻ അലി. എല്ലാ കണ്ണുകളും വൈഷ്ണോ ദേവിയിലേക്ക് എന്ന കാമ്പെയ്ൻ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടാണ് പിന്തുണ അറിയിച്ചത്. ഇന്ത്യയിലെ ഒരു വിഭാഗംപേർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്പോഴാണ് പാകിസ്താൻ താരം ഭയമേതുമില്ലാതെ പ്രതികരിക്കാൻ മനസുകാട്ടിയത്.
ഞായറാഴ്ച വൈകിട്ടായിരുന്നു റിയാസിയിലെ ആക്രമണം. വൈഷ്ണോ ദേവിയുടെ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയ തീർത്ഥാടകരെ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാൻ മലയിടുക്കിലേക്ക് വീണിരുന്നു. എന്നിട്ടും ആക്രമണം തുടർന്ന നാല് ഭീകരവാദികൾ ഒരു മണിക്കൂറോളം വെടിയുതിർത്തു. 9 തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 20പേർ കസ്റ്റഡിയിലാണ്.
29-കാരനായ ഹസൻ അലി ടി20 ലോകകപ്പ് കളിക്കുന്ന ടീമിൽ അംഗമല്ല. അയർലൻഡ്,ന്യൂസിലൻഡ് പരമ്പരകളിൽ അദ്ദേഹം കളിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യക്കാരിയായ സാമിയ അർസൂയാണ് അദ്ദേഹത്തിന്റെ ഭാര്യ.