ഭുവനേശ്വർ: ഒഡിഷയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് നഗരവികസന പൊതുമേഖലാ മന്ത്രി കൃഷ്ണ ചന്ദ്ര മഹപത്ര. സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുമെന്നും അഴിമതികൾ തടയുമെന്നും കൃഷ്ണ ചന്ദ്ര പറഞ്ഞു. ഒഡീഷയിൽ ബിജെപിയിലൂടെ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിച്ചതുവഴി എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” ഒഡിഷയിലെ സർക്കാർ ജനങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ മൂന്ന് കോടി ജനങ്ങൾക്ക് പ്രധാനമന്ത്രി ഭവനം നൽകുന്നു. ഇതിന്റെ പ്രയോജനം ഒഡിഷയ്ക്കും ലഭിക്കും. അഴിമതി രഹിത ഭരണമാണ് ഒഡിഷയിൽ ബിജെപി സർക്കാർ കാഴ്ചവയ്ക്കാൻ പോകുന്നത്.”- കൃഷ്ണ ചന്ദ്ര മഹപത്ര പറഞ്ഞു.
ഒഡിഷയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാകുമെന്നും വികസിത ഭാരതത്തോടൊപ്പം വികസിത ഒഡിഷ എന്ന സ്വപ്നവും യാഥാർത്ഥ്യമാകുമെന്നും കൃഷ്ണ ചന്ദ്ര കൂട്ടിച്ചേർത്തു.