എറണാകുളം: കൊച്ചി മെട്രോയ്ക്ക് ഇന്ന് ഏഴ് വയസ്സ്. തൊണ്ണൂറായിരത്തിന് മുകളിൽ ആളുകളാണ് പ്രതിദിനം മെട്രോയിൽ യാത്ര ചെയ്യുന്നത്. 14 ദിവസത്തിനുള്ളിൽ മെട്രോ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. 10 കോടിയിലധികം ആളുകൾ ഇതുവരെ മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കെഎംആർഎൽ റിപ്പോർട്ടിൽ പറയുന്നത്. 3.11 കോടി ആളുകളാണ് 2033-ൽ മാത്രം മെട്രോ ഉപയോഗപ്പെടുത്തിയത്.
2017 ജൂൺ 17നാണ് ആലുവ മുതൽ മെട്രോ സർവീസ് ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി മെട്രോ സർവീസ് തൃപ്പുണിത്തുറയിലേക്ക് ദീർഘിപ്പിച്ചു. ആലുവ മുതൽ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ ടെർമിനൽ വരെ 28.4 കിലോമീറ്റർ പാതയും 25 സ്റ്റേഷനുകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോ ഫ്ളാഗ് ഓഫ് ചെയതത്.
ഏഴാംപിറന്നാൾ ആഘോഷത്തോടൊപ്പം തന്നെ കലൂർ സ്റ്റേഡിയംമുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമാണകരാറും നൽകാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ളത്. നിർമാണകരാർ കൈമാറിയാൽ ജൂലൈയിൽ ടെസ്റ്റ് പൈലുകളുടെ കുഴിക്കൽ തുടങ്ങും. നിർമാണം ആരംഭിച്ചാൽ 18 മാസത്തിനുള്ളിൽ 11.2 കിലോമീറ്റർ പിങ്ക് ലൈൻ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിങ്ക് ലൈനിലെ 11 സ്റ്റേഷനുകളിൽ സ്റ്റേഡിയം ഒഴികെ പത്തെണ്ണമാണ് നിർമിക്കേണ്ടത്. സ്റ്റേഷന്റെ സ്ഥലമെടുപ്പ് ജോലികൾ പൂർത്തിയായി.
ബീജിംഗ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ബാങ്കിൽനിന്ന് വായ്പ എടുക്കാനുള്ള നടപടികളും പൂർത്തിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോയുടെ നിർമാണച്ചെലവ് 1957.05 കോടി രൂപയാണ്. മുന്നൊരുക്കങ്ങൾക്കായി 356.21 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്.