പത്തനംതിട്ട: കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പത്തനംതിട്ട സ്വദേശികളുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേരുടെ വീടുകളും ആലപ്പുഴ സ്വദേശിയുടെ വീടും സന്ദർശിച്ചാണ് കേന്ദ്രമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം ഉടൻ തന്നെ കുടുംബങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മന്റെ വീട്ടിലാണ് ജോർജ് കുര്യൻ ആദ്യം എത്തിയത്. കുടുംബങ്ങളോടുള്ള കേന്ദ്രസർക്കാർ പിന്തുണ അദ്ദേഹം അറിയിച്ചു. തുടർന്ന് ചെങ്ങന്നൂർ പാണ്ടിനാട് സ്വദേശി തോമസ് മാത്യു, പന്തളം സ്വദേശി ആകാശ് എസ് നായർ, വാഴക്കുളം സ്വദേശി മുരളീധരൻ എന്നിവരുടെ കുടുംബങ്ങളിലേക്കും ജോർജ് കുര്യൻ എത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനമെന്നും, ദുരന്തത്തിനിരയായവർക്കൊപ്പം കേന്ദ്രസർക്കാർ എപ്പോഴുമുണ്ടാകുമെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം ഉറപ്പ് നൽകി.
കോന്നി അട്ടച്ചാൽ സ്വദേശി സജു വർഗീസ്, കീഴ്വായ്പൂർ സ്വദേശി സിബിൻ ടി എബ്രഹാം എന്നിവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത്, കുടുംബങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ജോർജ് കുര്യൻ മടങ്ങിയത്.