ഹണിറോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. മലയാളമടക്കം അഞ്ചു ഭാഷകളിലെത്തുന്ന സിനിമയുടെ 40 സെക്കൻ്റ് ദൈർഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തത്. നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഹരചയിതാവായ എബ്രിഡ് ഷൈനുമുണ്ട്.
കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രതികാര കഥയാകും പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. വയലൻസ് രംഗങ്ങൾ നിറഞ്ഞ ടീസറാണ് പുറത്തിറക്കിയത്. ഹണിക്ക് പുറമേ ബാബുരാജ്, കലാഭവൻ ഷാജോൺ,ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ചന്തു സലീംകുമാർ, രാധിക രാധാ കൃഷ്ണൻ, ദിനേശ് പ്രഭാകർ,പോളി വത്സൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്.
രാഹുൽ മണപ്പാട്ടിന്റേ കഥയ്ക്ക് രാഹുലും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. എൻ.എം ബാദുഷ,രാജൻ ചിറയിൽ എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് നിർമാണം. ഇഷാൻ ഛബ്രയാണ് സംഗീതം പകരുന്നത്.