ന്യൂഡൽഹി: പുത്തൻ നാഴികക്കല്ലിന് തുടക്കം കുറിച്ച് ബഹിരാകാശ പര്യവേഷണത്തിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും. ഇതിന്റെ ഭാഗമായി നാസയുടെ ജോൺസൺ ബഹിരാകാശ നിലയം ഐഎസ്ആർഒയുടെ ബഹിരാകാശ യാത്രികർക്ക് വിദഗ്ധ പരിശീലനം നൽകും. അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെയും ഐഎസ്ആർഒയുടെയും ബഹിരാകാശയാത്രികരുടെ ആദ്യത്തെ സംയുക്ത സംരംഭമാണിത്. യുഎസിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിലുള്ള ഐസിഇടി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ട് ഇന്ത്യൻ ബഹിരാകാശ യാത്രികരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പരിശീലിപ്പിക്കും. ഇവരിലൊരാളെ ഈ വർഷം അവസാനത്തോടെ നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കും. പരിശീലനത്തിനായി നാല് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുൻപ് പറഞ്ഞിരുന്നു. ചാന്ദ്രപര്യവേഷണ പദ്ധതികളിലും വികസിച്ചുവരുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളിലും ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ലൂണാർ ഗേറ്റ് വേ പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കും. ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിങ്ങനെ ഒന്നിൽ കൂടുതൽ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ ഒരുമിക്കുന്ന പദ്ധതിയാണിത് പദ്ധതിയാണിത്.
അതേസമയം ഇന്ത്യയ്‌ക്ക് സ്വന്തമായൊരു ബഹിരാകാശനിലയം എന്ന സ്വപ്നം ഐഎസ്ആർഒയുടെ പദ്ധതി ആസൂത്രണമനുസരിച്ച് 2035 ഓടെ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നാണ് നിലയത്തിന് പേരിട്ടിരിക്കുന്നത്. നാസയുടെ ബഹിരാകാശ നിലയത്തിനേക്കാൾ വലിപ്പം കുറഞ്ഞതായിരിക്കും ഇത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ മൈക്രോ ഗ്രാവിറ്റി ഗവേഷണങ്ങൾക്കായിരിക്കും ഉപയോഗിക്കുക. ഏകദേഹം 400 കിലോമീറ്റർ ഉയരത്തിൽ ഇത് ഭൂമിയെ ഭ്രമണം ചെയ്യും.















