ഏദൻ: യെമനിലെ ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമാക്രമണവുമായി അമേരിക്കയും ബ്രിട്ടനും. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് നീക്കം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ അൽ മസീറ ടിവിയാണ് ആക്രമണ വിവരം പുറത്ത് വിട്ടത്.
ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറമെ ചെങ്കടലിലെ സാലിഫ് തുറമുഖത്തിന് സമീപമുള്ള കമരൻ ദ്വീപിലും ആക്രമണം നടത്തിയിട്ടുണ്ട്. ഹൊദെയ്ദയിൽ ആറോളം തവണയാണ് വ്യോമാക്രമണമുണ്ടായത്. കമരൻ ദ്വീപിൽ നാല് തവണയും ആക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേന ഇതാദ്യമായാണ് കമരൻ ദ്വീപിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. കമരൻ ദ്വീപ് കേന്ദ്രീകരിച്ചാണ് ഹൂതികൾ തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
ചെങ്കടലിൽ ആക്രമണങ്ങൾ നടത്തുന്നതിന് വേണ്ടി മിസൈലുകളുടേയും ഡ്രോണുകളുടേയും വലിയ ശേഖരം ഹൂതികൾ കമരൻ ദ്വീപിൽ ഒളിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദ്വീപും സാലിഹ് തുറമുഖവും ഇത്തരത്തിലുള്ള ആയുധക്കടത്തിന് ഇവർ ഉപയോഗിച്ചിരുന്നതായും യുഎസ്-ബ്രിട്ടീഷ് സേനകൾ ആരോപിക്കുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്നത്. നവംബർ മുതൽ ഹൂതികൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നുണ്ട്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തെയും നീക്കം സാരമായി ബാധിച്ചിരുന്നു.