മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിന് ഉത്തരകൊറിയയിൽ നിന്ന് തങ്ങൾക്ക് എല്ലാ രീതിയിലും പിന്തുണ ലഭിക്കുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് പുടിന്റെ പരാമർശം. ” യുക്രെയിനിൽ നടത്തുന്ന പ്രതിരോധ നീക്കങ്ങളെ ഉത്തരകൊറിയ വളരെ അധികം പിന്തുണയ്‌ക്കുന്നുണ്ട്. ഇത് സന്തോഷം നൽകുന്ന കാര്യമാണെന്നും” പുടിൻ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ പല മേഖലകളിലുമുള്ള പങ്കാളിത്തം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. ഉത്തരകൊറിയയിൽ നടക്കുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെ ഐക്യരാഷ്‌ട്രസഭ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ യുഎൻ ഉത്തര കൊറിയയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്തരകൊറിയയ്‌ക്കെതിരെ രംഗത്തെത്തിയപ്പോൾ, റഷ്യ ഉത്തര കൊറിയയ്‌ക്ക് പൂർണ പിന്തുണയുമായി നിലകൊള്ളുകയായിരുന്നു.
2000ത്തിന് ശേഷം ഇതാദ്യമായാണ് പുടിൻ ഉത്തരകൊറിയയിൽ സന്ദർശനം നടത്തുന്നത്. ഈ യാത്രയിലൂടെ ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് എത്തുമെന്നാണ് പുടിൻ അവകാശപ്പെടുന്നത്. 2022ന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും അടുക്കുന്നത്. കഴിഞ്ഞ വർഷം പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കിം ജോങ് ഉൻ റഷ്യയിലെത്തിയിരുന്നു.