മിമിക്രി രംഗത്ത് നിന്നും സിനിമാ മേഖലയിലേക്ക് കടന്നുവന്ന നിരവധി കലാകാരന്മാർ നമുക്കുണ്ട്. അതിൽ ഒരാളാണ് നടൻ ടിനി ടോം. ഉത്സവപ്പറമ്പുകളിൽ മിമിക്രി കലാകാരനായി തുടക്കം കുറിച്ച്, അവിടെ നിന്നും സിനിമയിലേക്ക് ചൂടുവെച്ച്, ഇപ്പോൾ തിരക്കുള്ള ഒരു നടനായി ടിനി ടോം മാറി. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. എത്ര തിരക്കായാലും ഉത്സവങ്ങൾ കൂടാൻ ഇന്നും പോകാറുണ്ടെന്ന് തുറന്നുപറയുകയാണ് ടിനി ടോം. തന്നെ ഇന്നു കാണുന്ന താൻ ആക്കിയത് ഉത്സവപ്പറമ്പുകൾ ആണെന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോഴും ഞാൻ ഉത്സവങ്ങൾക്ക് പോകാറുണ്ട്. എല്ലാ ഉത്സവങ്ങളും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പാലക്കാടാണ് ഷൂട്ടിംഗ് എങ്കിൽ, അവിടത്തെ ഉത്സവങ്ങളെല്ലാം ഞാൻ കാണാറുണ്ട്. അവിടെ വേല എന്നാണ് പറയുന്നത്. എനിക്ക് ഈ ആനപ്പിണ്ടത്തിന്റെ മണമെല്ലാം ഇഷ്ടമാണ്, അതൊരു നൊസ്റ്റാൾജിയയാണ്. ഇപ്പോഴും ഉത്സവപ്പറമ്പുകളിൽ കച്ചവടത്തിന് കൊണ്ടുവരുന്നതല്ല പഴയത് തന്നെയാണ്. കുറച്ച് എന്തെങ്കിലും മാറ്റം ഉണ്ടായാലേ ഉള്ളൂ. വായിലിടുമ്പോൾ കളർ വരുന്ന മിഠായി കണ്ടാൽ ഇപ്പോഴും ഞാൻ വാങ്ങി കഴിക്കും”.
“ഒരിക്കൽ മുടിയാട്ടം കാണാനായി പോയി. രാവിലെ മൂന്നുമണിക്ക് എത്തണം. തെയ്യം പോലെ ഒരു കലാരൂപം. മുടിയാട്ടം നടന്നുകൊണ്ടിരുന്നപ്പോൾ ആ രൂപം വന്ന് എന്റെ മുന്നിൽ നിന്നു. കുറച്ചുനേരം ഒന്ന് നോക്കി നിന്നു. നോക്കേണ്ട ഞാൻ തന്നെ എന്ന് പറഞ്ഞതോടെ ശബ്ദം ഉണ്ടാക്കി വീണ്ടും പോയി. എനിക്ക് ഉത്സവങ്ങളെല്ലാം കാണാൻ വലിയ ഇഷ്ടമാണ്. ഉത്സവപ്പറമ്പുകളിലൂടെ ജീവിച്ച ഒരാളാണ് ഞാൻ. പള്ളിപ്പറമ്പുകൾ കുറവായിരുന്നു. ഉത്സവങ്ങളാണ് എന്നെ നിലനിർത്തിയിട്ടുള്ളത്”- ടിനി ടോം പറഞ്ഞു.















