പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബിഹാർ സന്ദർശിക്കും. ഇന്ന് യുപിയിൽ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രിയോടെയാണ് പ്രധാനമന്ത്രി ബിഹാറിലേക്ക് തിരിക്കുന്നത്. നാളെ ബിഹാറിലെത്തുന്ന പ്രധാനമന്ത്രി രാവിലെ നളന്ദ സന്ദർശിക്കും.
രാജ്ഗിറിലെ നളന്ദ സർവ്വകലാശാലയുടെ പുതുതായി നിർമിച്ച ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
40 ക്ലാസ് മുറികളാണ് പുതിയ ക്യാമ്പസിലുള്ളത്. 1,900 വിദ്യാർത്ഥികൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിൽ രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. 550-ലധികം വിദ്യാർത്ഥികളെ താമസിപ്പിക്കാനാകുന്ന ഹോസ്റ്റലുകളും ക്യാമ്പസിനുള്ളിൽ നിർമിച്ചിട്ടുണ്ട്.
2,000 ആളുകളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആംഫി തിയേറ്റർ, ഒരു ഫാക്കൽറ്റി ക്ലബ്, സ്പോർട്സ് കോംപ്ലക്സ് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയെ കൂടാതെ സോളാർ പ്ലാൻ്റുകൾ, കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റുകൾ എന്നീ സംവിധാനങ്ങളും ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.