ന്യൂഡൽഹി: ബംഗാളിലെ കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തെ തുടർന്ന് കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾ കാറ്റിൽ പറത്തി കണക്കുകൾ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ വന്ന കുറവ് വ്യക്തമാക്കുന്നതാണ് കണക്കുകൾ. റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെയാണ് മാദ്ധ്യമങ്ങളോട് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്, ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2000-01 വർഷം 473 ട്രെയിൻ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 2022-23 വർഷത്തിൽ 40 ആയി കുറഞ്ഞെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു.
2004 മുതൽ 2014 വരെ 171 ട്രെയിൻ അപകടങ്ങളാണ് ഉണ്ടായത്. ഇത് 2014 മതുൽ 24 വരെയുള്ള കാലയളവിൽ 68 ആയി കുറഞ്ഞുവെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷയ്‌ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരക്ഷ മുൻനിർത്തി നിരവധി പദ്ധതികൾ റെയിൽവേ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വർഷത്തിടയിൽ 1.78 ലക്ഷം കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇത് 2004- 14 കാലത്തെ നിക്ഷേപത്തേക്കാൾ ഇരട്ടിയാണ്. ട്രക്കിന്റെ നവീകരണം, സിഗ്നലുകളുടെ കാര്യക്ഷമമായ പ്രവർത്തനം, ട്രെയിനിനുള്ളിൽ സുരക്ഷാ സജ്ജീകരണം എന്നിവ ഉറപ്പിക്കുന്ന നിരവധി സുരക്ഷാ പദ്ധതികളാണ് സർക്കാർ യാഥാർത്ഥ്യമാക്കിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ട്രെയിനിന്റെ സുരക്ഷാ കവചമായി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായ കവച്, ട്രക്കുകളിൽ നടപ്പിലാക്കിവരികയാണ്. ഇത് പൂർത്തിയായാൽ അപകടങ്ങൾ വലിയ തോതിൽ തടയാൻ സഹായിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.















