തിരുവനന്തപുരം; തീപിടിത്ത ദുരന്തത്തിന് പിന്നാലെ കുവൈത്തിലേക്ക് പോകാൻ ഒരുങ്ങിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്രയ്‌ക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിക്കപ്പെട്ട സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.
കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മറ്റ് അധികാരികളുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നതിന് സഹായകമാകുമായിരുന്നുവെന്ന്് കത്തിൽ പറയുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നുണ്ട്.
സന്ദർശനം നടക്കാതെ പോയത് അത്യന്തം ദൗർഭാഗ്യകരമാണ്. ജീവൻ നഷ്ടമായവരിൽ പകുതിയും കേരളീയരായിരുന്നു. അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈത്തിലേക്ക് അയയ്‌ക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
ദുരന്ത വാർത്ത അറിഞ്ഞതിന് പിന്നാലെ മണിക്കൂറുകൾക്കകം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് കുവൈത്തിലെത്തുകയും രക്ഷാപ്രവർത്തനങ്ങളും മറ്റും ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. മലയാളികൾ അടക്കമുളള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പിറ്റേന്ന് തന്നെ കേരളത്തിലെത്തിക്കുകയും ചെയ്തു. ദുരന്തവാർത്ത അറിഞ്ഞപ്പോൾ മുതൽ ഹെൽപ് ഡെസ്‌കുകൾ സജ്ജീകരിച്ചും പരിക്കേറ്റ് ആശുപത്രിയിലായ മലയാളികൾ അടക്കമുളളവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചും ഇന്ത്യൻ എംബസിയും സജീവമായ ഇടപെടൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇടത് സർക്കാർ ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കുവൈത്തിലേക്ക് അയയ്‌ക്കാൻ തീരുമാനിച്ചത്.















