എറണാകുളം: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ. മുൻ ഭരണസമിതിയിൽ അംഗമായിരുന്ന ഉണ്ണി നടൻ സിദ്ധിഖ് ഒഴിഞ്ഞ പദവിയിലേക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 30ന് നടക്കും. മോഹൻലാലിനെ മൂന്നാമതും പ്രസിഡൻ്റായി തിരഞ്ഞെടുത്തിരുന്നു.
രമേഷ് പിഷാരടി, ടൊവിനോ തോമസ്,സുരാജ്, ജോയ് മാത്യു തുടങ്ങിയവരും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങളാണ് കൊച്ചി ഗോകു കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കുക. ഭരണ സമിതിയിലെ നാലു സീറ്റുകൾ സ്ത്രീകൾക്ക് മാറ്റിവച്ചിട്ടുണ്ട്.
17 പേരടങ്ങുന്നതാണ് ഭരണസമിതി. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ജയസൂര്യ തുടങ്ങിയവർ ഇക്കുറി മത്സരിക്കുന്നില്ല. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേർ പത്രിക നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.