മലയാളത്തിലെ റൊമാന്റിക് ചിത്രങ്ങളുടെ ആദ്യനിരയിൽ തന്നെ ഇടം പിടിക്കുന്ന സിനിമയാണ് ‘അനശ്വരം’. മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. മലയാള സിനിമയിലേക്ക് നടി ശ്വേതാ മേനോന്റെ അരങ്ങേറ്റം കൂടിയായിരുന്നു അനശ്വരം. ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവരാൻ ശ്വേതയ്‌ക്ക് സാധിച്ചു. തന്റെ ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് താരം. തന്റെ സ്ക്രീൻ ടെസ്റ്റ് നടത്തിയത് മമ്മൂട്ടിയാണെന്ന് നടി പറയുന്നു.
“അനശ്വരം സിനിമ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. മമ്മൂക്കയുടെ നായികയായി ബോംബെയിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരാഴ്ചയോളം അഭിനയിച്ചു. എന്താണെന്നറിയില്ല, അതു പിന്നീട് നിർത്തിവച്ചു. സംവിധായകൻ ജോമോന്റെ സുഹൃത്താണ് ഞങ്ങളുടെ ഫാമിലി ഡോക്ടർ. ആ സമയമാണ് ഡോക്ടർ എന്റെ കാര്യം പറയുന്നത്. ‘നമ്മുടെ ഒരു കുട്ടിയുണ്ട്. അവക്ക് അഭിനയം ഒന്നുമറിയില്ല, മലയാളവും അറിയില്ല’. അപ്പൊ മമ്മൂക്ക ചോദിച്ചു, ‘മലയാളി ആണല്ലോ’. അങ്ങനെ മമ്മൂക്കയുടെ കോളാണ് അച്ഛന് വരുന്നത്. എന്റെ നായികയായി അഭിനയിക്കാനാണെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ അച്ഛന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ ഒന്ന് തമ്മിൽ കാണണം എന്ന് മാത്രം പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി ഞാൻ കണ്ടു. എന്റെ സ്ക്രീൻ ടെസ്റ്റ് മമ്മൂക്കയാണ് ചെയ്തത്. അദ്ദേഹം എന്നോട് ഇംഗ്ലീഷിൽ ആണ് മുഴുവൻ സംസാരിച്ചത്”.
“മമ്മൂക്കയുടെ കയ്യിൽ ഒരു ക്യാമറ ഉണ്ടായിരുന്നു. ഒരു സ്ഥലം കാണിച്ചു തന്നിട്ട് അവിടെ നിന്നും ഓടി വരാൻ പറഞ്ഞു. എന്നിട്ട് ക്യാമറയിൽ നോക്കി ‘ഐ ലവ് യു ഡാനി, ഐ ലവ് യു സോ മച്ച്’ എന്നു പറയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാരക്ടറുടെ പേരാണ് ഡാനി എന്നൊന്നും എനിക്കറിയില്ല. ഇംഗ്ലീഷ് അല്ലേ, എത്ര തവണ വേണമെങ്കിലും ഐ ലവ് യു എന്ന് പറയാം. പിന്നെ പറയുന്നതൊക്കെ ചെയ്തു. എല്ലാം കഴിഞ്ഞിട്ടാണ് ഞാൻ അറിയുന്നത് അത് ലൊക്കേഷൻ ആണെന്ന്. വൈകുന്നേരം ആറുമണിക്ക് വീണ്ടും വീട്ടിലേക്ക് ഫോൺ വന്നു. പ്രൊഡക്ഷൻ മാനേജരുടെ കോൾ ആയിരുന്നു. ‘മാഡത്തിനെ പിക്കപ്പ് ചെയ്യാൻ നാളെ രാവിലെ എട്ടുമണിക്ക് വണ്ടി വരും’ ഇതായിരുന്നു പറഞ്ഞത്. അങ്ങനെയാണ് സിനിമയിലേക്കുള്ള കടന്നുവരവ്. അന്നെനിക്ക് 14 വയസ്സായിരുന്നു”.
“വേറെ ഒരു ഭാഗ്യം കൂടി എനിക്ക് ലഭിച്ചിട്ടുണ്ട്. ആ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ സമയത്തെ എല്ലാ മാഗസീനുകളിലും ഞാനും മമ്മൂക്കയും ഒരുമിച്ചുള്ള കവർ ഫോട്ടോ ആയിരുന്നു. എനിക്ക് തോന്നുന്നു, ഒരു പുതുമുഖ നായികയ്‌ക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. താരാപദം എന്ന പാട്ട് ഷൂട്ട് ചെയ്യുന്നത് ഒറിജിനൽ ട്രാക്കിൽ ആയിരുന്നില്ല. ചെന്നൈയിലാണ് അത് ഷൂട്ട് ചെയ്തത്. സിനിമയിലെ ഫസ്റ്റ് ഷോട്ട്, സുകുമാരി ആന്റിയും ശങ്കരാടി ചേട്ടനും മമ്മൂക്കയും ഉള്ള സീനായിരുന്നു. എനിക്ക് ഒരുപാട് ഭാഗ്യം തന്ന വ്യക്തിയാണ് മമ്മൂക്ക. ആദ്യത്തെ സംസ്ഥാന അവാർഡ് അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ ആയിരുന്നു”-ശ്വേതാ മേനോൻ പറഞ്ഞു.















