സോൾ : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഒരു സൈനിക പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏതെങ്കിലും ഒരു ആക്രമണമുണ്ടായാൽ രാജ്യങ്ങൾ പരസ്പരം സഹായിക്കണമെന്ന് ഈ ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ബുധനാഴ്ച കരാറിന് അന്തിമരൂപമായത്.
“സഖ്യം” എന്ന് കിം വിശേഷിപ്പിച്ച ഈ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിൽ പരസ്പര പ്രതിരോധ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള വളർന്നുവരുന്ന സാമ്പത്തിക, സൈനിക ബന്ധങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ഭയം വർദ്ധിപ്പിക്കും എന്നാണ് അന്താരാഷ്‌ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. ഉക്രെയ്‌നിലെ യുദ്ധത്തിന് ആയുധങ്ങൾ നൽകുന്നതിന് പകരമായി പുടിൻ ഉത്തര കൊറിയയ്‌ക്ക് ആണവ അന്തർവാഹിനിയും ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും നൽകുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയോ ഉത്തരകൊറിയയോ സുരക്ഷാ കരാറിന്റെ പൂർണ്ണ രുപം പ്രസിദ്ധീകരിച്ചിട്ടില്ല.കരാറിന്റെ കുറച്ച് വിശദാംശങ്ങൾ പരസ്യമാക്കി എന്നതല്ലാതെ ആ പിന്തുണ ഏത് രൂപത്തിലായിരിക്കുമെന്ന് വ്യക്തമല്ല, .
“ഇന്ന് ഒപ്പുവച്ച സമഗ്ര പങ്കാളിത്ത കരാർ ഈ കരാറിലെ ഒരു കക്ഷിക്കെതിരെ ആക്രമണമുണ്ടായാൽ പരസ്പര സഹായത്തെ ഉറപ്പു നൽകുന്നു,” പുടിനെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് പറഞ്ഞു. ഒമ്പത് മാസത്തിനിടെ കിമ്മുമായി പുടിൻ നടത്തുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്.24 വര്‍ഷത്തെ ഭരണത്തിനിടെയുള്ള പുതിന്റെ ആദ്യ ഉത്തരകൊറിയാ സന്ദര്‍ശനമാണിത്.2023 സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു.
ചർച്ചയുടെ തുടക്കത്തിൽ സംസാരിച്ചപ്പോൾ “റഷ്യൻ ഫെഡറേഷനെതിരായ യുഎസിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും സാമ്രാജ്യത്വ ആധിപത്യ നയങ്ങൾക്കെതിരായ പോരാട്ടത്തിന്റെ” ഭാഗമാണിതെന്ന് പറഞ്ഞ പുട്ടിൻ ഉക്രെയ്നിലെ യുദ്ധത്തിന് നൽകിയ പിന്തുണക്ക് കിമ്മിനോട് നന്ദി പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള ഉത്തരകൊറിയയുടെ അവകാശത്തെ ഉദ്ധരിച്ച് പുടിൻ പിന്നീട് കരാറിനെ “പ്രതിരോധപരം” എന്ന് വിശേഷിപ്പിച്ചു എന്നും ടാസ് റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുമായി സൈനിക-സാങ്കേതിക സഹകരണം വർധിപ്പിക്കുന്നത് റഷ്യ തള്ളിക്കളയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പിടൽ ചടങ്ങിന് ശേഷം സംസാരിച്ച കിം, ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച “എക്കാലത്തെയും ശക്തമായ ഉടമ്പടി” എന്ന് വിശേഷിപ്പിച്ചു, ഇത് ഇരു രാജ്യങ്ങളുടെയും ബന്ധത്തെ “ഒരു സഖ്യത്തിന്റെ ഉയർന്ന തലത്തിലേക്ക്” ഉയർത്തി എന്നും അടുത്ത രാഷ്‌ട്രീയ, സാമ്പത്തിക, സൈനിക സഹകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു പുതിയ ബഹുധ്രുവ ലോകത്തിന്റെ (Multipolar world ) സൃഷ്ടിയെ ത്വരിതപ്പെടുത്തുന്ന ചാലകശക്തിയായി കരാര്‍ മാറുമെന്ന്” കിം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സെപ്തംബറിൽ, പുടിനുമായി വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഉച്ചകോടിയിൽ, ഉക്രെയ്നിൽ റഷ്യൻ സേനയുടെ ഉപയോഗത്തിനായി മിസൈലുകളും മറ്റ് ആയുധങ്ങളും നൽകാൻ കിം സമ്മതിച്ചതായി വിശ്വസിക്കപ്പെടുന്നു. പകരമായി, റഷ്യ ഭക്ഷണവും ഊർജ സഹായവും നൽകുകയും ഉത്തര കൊറിയയുടെ ബഹിരാകാശ പദ്ധതിയിൽ സഹായിക്കുകയും ചെയ്യും എന്നാണ് ധാരണ .
ഉത്തരകൊറിയ സ്ഥാപിക്കപ്പെട്ടകാലം മുതലുള്ള സഖ്യകക്ഷിയാണ് റഷ്യ.