താൻ ഇനി വില്ലൻ വേഷം ചെയ്യില്ല എന്ന് നടൻ വിജയ് സേതുപതി അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോയിൽ വിജയ് സേതുപതിയുടെ ശബ്ദം പ്രത്യക്ഷപ്പെട്ടത് ചർച്ചാ വിഷയമായിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ പ്രധാന വില്ലന്റെ ശബ്ദം വിജയ് സേതുപതിയുടെതായിരുന്നു. താൻ ഇനി വില്ലനായി അഭിനയിക്കില്ല എന്നു പറഞ്ഞിട്ടും ടർബോയിൽ ഇത്തരമൊരു ശബ്ദം നൽകിയത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. മഹാരാജ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയതായിരുന്നു താരം. ഇതിനിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വിജയ് പ്രതികരിച്ചത്.
“ജവാന് ശേഷം ഒരുപാട് പേർ എന്നെ വില്ലൻ വേഷത്തിലേക്ക് ക്ഷണിച്ചു. ഞാൻ വില്ലനാകാൻ ഇനി ഇല്ല എന്ന് പറഞ്ഞത് പലർക്കും എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. അത് ഞാൻ ഇനി എങ്ങനെ പറഞ്ഞുതരണം. ചെറിയ ചെറിയ വേഷങ്ങളിലേക്ക് എല്ലാം വിളിച്ചു. അതെല്ലാം ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ചെയ്തു കൊണ്ടാണ്”-വിജയ് സേതുപതി പറഞ്ഞു.
എന്നാൽ വില്ലൻ വേഷം ചെയ്യില്ല എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മമ്മൂട്ടിയുടെ ടർബോയിൽ ശബ്ദം നൽകിയതെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, “മമ്മൂക്കയെ എനക്ക് പുടിക്ക കൂടാതാ സർ?” എന്നായിരുന്നു താരത്തിന്റെ മറുപടി.
“എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്. ആന്റോ ചേട്ടനാണ് കോൾ ചെയ്തത്. ചേട്ടൻ വന്ന് എന്നോട് സംസാരിച്ചു, നല്ല ഭക്ഷണം തന്നു. മമ്മൂക്കയെ വിളിച്ച് ഫോൺ തന്നു. വിജയ് എനിക്കുവേണ്ടി സിനിമയിൽ ഒരു ഡയലോഗ് സംസാരിക്കുമോ എന്ന് മമ്മൂക്ക ചോദിച്ചു. ഞാൻ വോയിസ് നൽകി. അത്രയേ ഉള്ളൂ”- വിജയ് സേതുപതി പറഞ്ഞു.















