അറ്റ്‌ലാന്റ: കോപ്പ അമേരിക്കയിൽ അർജന്റീനയ്‌ക്ക് വിജയത്തുടക്കം. കാനഡയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ വരവറിയിച്ചത്. ജൂലിയൻ അൽവാരസിന്റെയും ലൗട്ടാറോ മാർട്ടിനസിന്റെയും ബൂട്ടുകൾക്ക് മുന്നിൽ കാനഡയ്‌ക്ക് പിടിച്ചു നിൽക്കാനായില്ല.
ഉദ്ഘാടന മത്സത്തിൽ തന്നെ കാനഡ വെല്ലുവിളി ഉയർത്തിയെങ്കിലും ജൂലിയനും ലൗട്ടാറോയും അർജന്റീനയ്‌ക്ക് രണ്ട് ഗോളുകൾ നേടികൊടുത്തതോടെ മത്സരം കാനഡയുടെ കയ്യിൽ നിന്നും പിടിവിട്ടു. 9-ാം മിനിറ്റിൽ ഗോളടിക്കാനുള്ള അവസരം അർജന്റീനയ്‌ക്ക് ലഭിച്ചുവെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. മെസിയും ഡി മരിയയും വലതുവിങ്ങിൽ നിന്ന് ഗോളടിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
49-ാം മിനിറ്റിലാണ് ജൂലിയൻ അൽവാരസ് ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽ നിന്ന് മെസി നൽകിയ ത്രൂബോൾ മാക് അലിസ്റ്റർ അൽവാരിസിന് പാസ് ചെയ്തതോടെ കാനഡയുടെ ഗോൾ വല തകരുകയായിരുന്നു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസിക്ക് കിട്ടിയ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി. തുടർന്ന് 88-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ ലൗട്ടാറോ മാർട്ടിനസ് വലകുലുക്കിയതോടെ അർജന്റീന വിജയത്തിലേക്ക് കടക്കുകയായിരുന്നു.