മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് ടിനി ടോം. ഇത് ചില വിവാദങ്ങളിലേക്ക് വരെ വഴി വച്ചിരുന്നു. എന്നാൽ തന്നെ നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചുനിന്നു. തന്റെ ഏറ്റവും പുതിയ സിനിമയായ മത്തിൽ ലഹരിക്കടിമപ്പെട്ട ഒരു കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഇത്തരമൊരു ചലഞ്ചിങ്ങായ കഥാപാത്രം അഭിനയിച്ച് ഫലിപ്പിച്ചത് എങ്ങനെയെന്നു പറയുകയാണ് താരം. തന്റെ അച്ഛൻ മദ്യപാനി ആയിരുന്നുവെന്നും അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങൾ മത്തിലെ കഥാപാത്രം ചെയ്യുമ്പോൾ തന്നിലേക്ക് വന്നിരുന്നുവെന്നും ടിനി പറയുന്നു.
“ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെപ്പറ്റി നന്നായി അറിയുന്ന ഒരാളാണ് ഞാൻ. എന്റെ നിലപാടുകളുമായി ഒരിക്കലും ചേരാത്ത കഥാപാത്രമാണ് ഇതിൽ. അതാണ് എന്നെ ചലഞ്ച് ചെയ്യുന്നത്. സ്പിരിറ്റ് എന്ന് പറയുന്ന ചിത്രത്തിൽ ഞാൻ ഒരു ബാറിലെ സപ്ലയർ ആയിരുന്നു. ഞാൻ ബാറിൽ പോയിട്ടുള്ള ആളാണ്, എനിക്ക് അത് അറിയാം. എന്റെ അച്ഛനോട് പറയുന്ന രീതിയിലാണ് ഞാൻ ലാലേട്ടനോട് പറഞ്ഞത്. എന്റെ അച്ഛൻ മദ്യപാനിയായിരുന്നു, അദ്ദേഹം മരിച്ചു പോയി. അച്ഛൻ അനുഭവിച്ച കുറെ പ്രശ്നങ്ങൾ ഉണ്ട്, ഇതിലെ കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അത് എന്നിലേക്ക് വരികയാണ്”.
“ഓരോ പ്രശ്നങ്ങളിൽ പെട്ടുപോകുമ്പോൾ ഒന്നിനെ ആശ്രയിക്കേണ്ടി വരും. അത് ദൈവവിശ്വാസം ആയിരിക്കും, അല്ലെങ്കിൽ മദ്യപാനവും ലഹരിയും ആയിരിക്കും. അങ്ങനെ ഒരു കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. വഴിതെറ്റി പോയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഈ ഗ്ലാസ് പൊട്ടുന്നത് പോലെയാണ്. പൊട്ടിയ ചില്ലുകൾ കൂട്ടിച്ചേർത്താലും ഒരു ഭംഗി ഉണ്ടാവില്ല”-ടിനി ടോം പറഞ്ഞു.















