ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിൻമേലാണ് തീരുമാനം. ഹർജി വിധിപറയാനായി 25 ലേക്ക് മാറ്റി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കെജ്‌രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇഡി ഹർജി നൽകിയതിനെത്തുടർന്നാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്‍തത്.
കെജ്‌രിവാളിന് ജാമ്യം നൽകിയ തീരുമാനത്തിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജ്ജിയിലാണ് കോടതി ഇന്ന് വാദം കേട്ടത്. രൂക്ഷമായ വാദ പ്രതിവാദങ്ങൾ ഇഡിയും കെജ്രിവാളിനുവേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വിയും തമ്മിലുണ്ടായി. നൽകിയ രേഖകളും വിവരങ്ങളും കണക്കിലെടുക്കാതെയുള്ള വിധിയാണ് വിചാരണക്കോടതിയുടേതെന്നായിരുന്നു ഇഡി ഹൈക്കോടതിയെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ ജാമ്യം നൽകിയ ഉത്തരവ് താൽകാലികമായി സ്റ്റേ ചെയ്യുകയാണെന്നും ഹർജിയിൽ പൂർണമായി വാദം കേട്ടശേഷം മാത്രം വിധി പ്രസ്താവിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാൽ ഇരുഭാഗത്തിൻേറയും വാദം കേട്ട കോടതി ഹർജിയിൽ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വെയ്‌ക്കുകയായിരുന്നു. ഇതിൽ വിധി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ജാമ്യം സ്റ്റേ ചെയ്ത നടപടി തുടരുമെന്നും കോടതി വ്യക്‌തമാക്കി. ഇതോടെ വിചാരണക്കോടതിയിൽ നിന്നും ആശ്വാസം ലഭിച്ചുവെങ്കിലും ഹൈക്കോടതിയുടെ ഇടപെടലോടെ കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.