ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജയ്സൽമീറിലും അമൃത്സറിലെ അട്ടാരി അതിർത്തിയിലും യോഗ ആചരിച്ച് ബിഎസ്എഫ് ജവാന്മാർ. ഥാർ മരുഭൂമിയിലെ പ്രശസ്തമായ സാം സാൻഡ് ടൂണുകളിലും ജയ്‌സാൽമേറിലെ ഇന്തോ-പാക് അതിർത്തി പ്രദേശത്തുമാണ് 15 ആം ബറ്റാലിയനിലെ ബിഎസ്‌എഫ് ജവാന്മാരുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടന്നത്.
മുതിർന്ന ഉദ്യോഗസ്ഥർ മുതൽ യുവ സൈനികർവരെ ഒരുമിച്ച് യോഗയുടെ വ്യത്യസ്ത ആസനങ്ങൾ അവതരിപ്പിച്ചു. ഥാർ മരുഭൂമിയിലെ സുവർണ മണൽത്തരികളിൽ യോഗ അവതരിപ്പിച്ചത് എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.
യോഗയുടെ ഗുണഫലങ്ങളെ കുറിച്ച് സൈനികരെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുകയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിഎസ്‌എഫ് ജയ്സൽമീർ ഡിഐജി വിക്രം കൺവർ പറഞ്ഞു.
പഞ്ചാബിലെ അമൃത്സറിൽ അട്ടാരി-വാഗാ അതിർത്തിയിൽ സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ ബിഎസ്‌എഫ് ജവാൻമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ പങ്കെടുത്തു. യോഗ വ്യക്തിത്വത്തിനും സമൂഹത്തിനും എന്നുള്ളതാണ് ഇത്തവണത്തെ യോഗ ദിനത്തോടനുബന്ധിച്ചുള്ള പ്രമേയം. എല്ലാവർഷവും ജൂൺ 21 ആണ് അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കുന്നത്.