ന്യൂഡൽഹി: കെ. റെയിലിനെ വിടാതെ പിടിച്ച് സംസ്ഥാന സർക്കാർ. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ എത്രയും പെട്ടന്ന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരമൻ വിളിച്ചു ചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി കെ. എൻ ബാലഗോപാൽ ആവശ്യം ഉന്നയിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി അനുമതി നൽകണമെന്നും കേരളത്തിന് 24,000 കോടിരൂപ പ്രത്യേക സാമ്പത്തിക പാക്കേജായി അടുത്ത ബജറ്റിൽ പ്രഖ്യാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന് അതിവേഗ റെയിൽപാത ആവശ്യമാണെന്നും അതിനായി സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയും കേരളത്തിലേക്ക് കൂടുതൽ എക്‌സ്പ്രസ് പാസഞ്ചർ ട്രെയിനുകളും അനുവദിക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. ഇതിനുപുറമെ കോഴിക്കോട്- വയനാട് തുരങ്ക പാതയുടെ നിർമാണത്തിനായി അടിയന്തരമായി 5,000 കോടി നൽകണമെന്നും അദ്ദഹം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ജി.എസ്.ഡി.പിയുടെ മൂന്നര ശതമാനമായി ഈ വർഷത്തെ കടമെടുപ്പ് പരിധി കൂട്ടണം. കിഫ്ബിയും, പെൻഷൻ കമ്പനികളുമെടുത്ത വായ്പ ഈ വർഷത്തെയും അടുത്ത വർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിൽ സംസ്ഥാനത്തിനും 50 ശതമാനം വിഹിതം നൽകണം. തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ സംസ്ഥാനം ഉന്നയിച്ചിരുന്നു.
ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാരിന്റെ വിഹിതം വർദ്ധിപ്പിക്കണമെന്നും ആശാ പ്രവർത്തകരുടെയും, അങ്കണവാടി പ്രവർത്തകരുടെയും ഒണറേറിയം വർദ്ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് അർഹതപ്പെട്ട വായ്പ അനുവദിച്ചിരുന്നുവെങ്കിലും ഇപ്പോഴും കേന്ദ്രം അർഹതപ്പെട്ട വായ്പകൾ അനുവദിക്കുന്നില്ലെന്ന പരാതിയാണ് സംസ്ഥാനത്തിനുള്ളത്.