ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ. വ്യാജ ഇൻവോയിസിംഗ് പരിശോധിക്കുന്നതിന് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഒതറ്റിക്കേഷൻ, റെയിൽവേ സേവനങ്ങൾക്ക് നികുതി ഇളവ് എന്നിവ സംബന്ധിച്ച ശുപാർശകൾ യോഗത്തിൽ നിർദേശിച്ചു.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ജിഎസ്ടിയുടെ പരിധിയിൽ ഇന്ധനവില കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും കേന്ദ്രമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.
മറ്റ് പ്രഖ്യാപനങ്ങൾ:
1. എല്ലാ സോളാർ കുക്കറുകളും 12 ശതമാനം ജിഎസ്ടിയുടെ പരിധിയിൽ വരും.
2. റെയിൽവേ നൽകുന്ന സേവനങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റിട്ടയർ റൂം, വെയിറ്റിംഗ് റൂം, ക്ലോക്ക് റൂം സേവനങ്ങൾ അടക്കം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.
3. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥിതിചെയ്യുന്ന സ്റ്റുഡന്റ് ഹോസ്റ്റലുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.
4. എല്ലാ മിൽക്ക് കാനുകളും 12 ശതമാനം ജിഎസ്ടിയുടെ കീഴിൽ വരും.
5. കാർട്ടൂൺ ബോക്സിൽ വരുന്ന ഉത്പന്നങ്ങളുടെ ജിഎസ്ടി 18ൽ നിന്ന് 12 ശതമാനമാക്കി കുറച്ചു. കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ആപ്പിൾ കർഷകർക്ക് ഇത് ഗുണകരമാകും.
6. എല്ലാതരം സ്പ്രിംഗ്ലറുകളും 12% ജിഎസ്ടിയുടെ കീഴിൽ വരുന്നതാണ്.