ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിക്കുള്ള മധുര പ്രതികാരമാണ് അഫ്ഗാന്റെ ഇന്നത്തെ വിജയം. അന്ന് കൈയിലിരുന്ന മത്സരം തട്ടിതെറിപ്പിച്ചത് ഗ്ലെൻ മാക്‌സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നെങ്കിൽ ഇന്ന് അതേ താരത്തെ പുറത്താക്കിയാണ് കങ്കാരുകൾക്കെതിരെ 21 റൺസിന്റെ അട്ടിമറി ജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. 2023 നവംബർ ഏഴിനാണ് ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിൽ അഫ്ഗാനെ ഓസീസ് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ നിറഞ്ഞ കണ്ണുകളോടെ തല താഴ്‌ത്തിയാണ് അഫ്ഗാൻ താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഏകദിന ലോകകപ്പിലെ ഓസീസിനെതിരായ തോൽവി പിന്നീട് തന്റെ ജീവിതത്തിലെ ദുഃസ്വപ്നമായി മാറിയെന്നും ഉറങ്ങാൻ കിടമ്പോഴെല്ലാം ആ ഇന്നിംഗ്‌സിനെ കുറിച്ചാണ് ഓർക്കാറുള്ളതെന്നും അഫ്ഗാൻ താരം റാഷിദ് ഖാൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.ആ ദുഃസ്വപ്നത്തെ ഇന്ന് മാറ്റി മറച്ചിരിക്കുകയാണ് ടീമും ആരാധകരും.
ഏകദിന ലോകകപ്പിൽ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാൻ ബൗളർമാരെ ഭയത്തോടെയാണ് ഓസീസ് ബാറ്റർമാർ നേരിട്ടത്. 18.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു ഓസീസ്. പരിക്കിനെ പോലും വകവെക്കാതെ ഗ്ലെൻ മാക്‌സ്‌വെല്ലും പാറ്റ് കമ്മിൻസും ക്രീസിൽ നിലയുറപ്പിച്ചതോടെ ഓസ്‌ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു. 128 പന്തിൽ നിന്ന് മാക്‌സ്‌വെൽ 201 റൺസ് സ്വന്തമാക്കിയപ്പോൾ 68 പന്തുകളിൽ 12 റൺസുമായി കമ്മിൻസ് പ്രതിരോധിച്ചു നിന്നു. 22-ാം ഓവറിൽ മാക്‌സ്വെല്ലിനെ പുറത്താകാൻ കിട്ടിയ മനോഹരമായൊരു ക്യാച്ച് മുജീബ് ഉൾ റഹ്‌മാൻ നഷ്ടപ്പെടുത്തിയിരുന്നു. അതോടെയാണ് മത്സരത്തിന്റെ ഗതി മാറി മറഞ്ഞത്. പിന്നീട് ഓസീസ് ആരാധകരുടെ ശ്വാസം സാധാരണഗതിയിലായി. കാരണം തോൽക്കുമെന്ന് ഉറപ്പിച്ച ഓസീസിന് ജയം സമ്മാനിച്ചാണ് മാക്‌സ്വെൽ മടങ്ങിയത്.
എട്ട് മാസങ്ങൾക്കിപ്പുറം ആ തോൽവിയുടെ കണക്ക് തീർത്തിരിക്കുകയാണ് അഫ്ഗാൻ. സമീപകാലത്തെ അഫ്ഗാൻ ടീമിന്റെ ഉഗ്രൻ ഫോമും സമഗ്രാധിപത്യവും കൊണ്ട് അവർ അർഹിച്ച വിജയം സ്വന്തമാക്കി. ഔട്ട് ഓഫ് ഫോമിലായിരുന്നിട്ടും അഫ്ഗാനെതിരെ മാക്‌സ്‌വെൽ(59) ഫോം വീണ്ടെടുത്തെങ്കിലും ദൈവത്തിന്റെ കണക്ക് പുസ്തകത്തിലെ ഇന്നത്തെ ദിവസം അഫ്ഗാന് ഒപ്പമായിരുന്നു. നാല് ഓവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ഗുൽബദിൻ നയീബ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. ഗുൽബദിന്റെ 15-ാം ഓവറിലെ നാലാം പന്തിൽ മാക്‌സ്‌വെല്ലിന്റെ ഷോട്ട് കൈയിലേക്കെത്തിയപ്പോൾ നൂർ അഹമ്മദിന്റെ മുഖത്തായിരുന്നു കൂടുതൽ സന്തോഷം. കാരണം അന്ന് തന്റെ പന്തിൽ മുജീബിന് സംഭവിച്ച പിഴവ് ആവർത്തിക്കാതെ പന്ത് സുരക്ഷിതമായി കൈകൾക്കുള്ളിൽ ഒതുക്കിയത് നൂർ അഹമ്മദായിരുന്നു.