ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് ഇന്ന് 37-ാം ജന്മദിനം. മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് ഇന്ന് മെസി. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം വാഴ്‌ത്തപ്പെടലുകൾക്ക് വിധേയനായ, കളിയിലെ ദൈവതുല്യനായ താരം. പുതുതലമുറയുടെ ഭാഷ കടമെടുത്താൽ മാസ്സാണ് മിശിഹ.
ഇനിയൊരാൾ കീഴടക്കാൻ സാധ്യത കുറഞ്ഞ ഒരു പിടി റെക്കോർഡുകളാണ് മെസി ഇക്കാലയളവിൽ തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. 1987 ജൂൺ 24-ം തീയതി അർജന്റീനയിലെ റൊസാരിയോയിലായിരുന്നു ലയണൽ ആന്ദ്രെസ് മെസിയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ പന്തുതട്ടി തുടങ്ങിയ മെസിയെ പത്താം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തേടിയെത്തി. ശരീര വളർച്ചയ്‌ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം അവനെ പിടികൂടി. അസാമാന്യ പ്രതിഭയായിരുന്ന മെസിയുടെ ഫുട്ബോൾ ജീവിതം അവന്റെ കൗമാര പ്രായത്തിനും മുന്നേ അവസാനിച്ചേക്കുമെന്ന അവസ്ഥയിലെത്തി. എന്നാൽ മെസിയെന്ന അത്ഭുത ബാലനെക്കുറിച്ചറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

ബാഴ്സയുടെ കരാർ ലഭിച്ച മെസി തന്റെ പന്ത്രണ്ടാം വയസിൽ സ്പെയിനിലേക്ക് പറന്നു. ബാഴ്സലോണയുടെ അക്കാദമി ടീമിനായി അത്ഭുതപ്രകടനങ്ങൾ നടത്തുന്ന അവന്റെ വീരകഥകൾ ലോകമെങ്ങും പടർന്നു. തന്റെ മികവിന് അംഗീകാരമെന്നോണം പതിനേഴാം വയസിൽ അവന് ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് വിളി വന്നു. 2005 ഓഗസ്റ്റ് 17-ം തീയതി ഹംഗറിക്കെതിരെ കളിച്ചു കൊണ്ട് അർജന്റീനയുടെ സീനിയർ ടീമിലേക്കും മെസി അരങ്ങേറ്റം കുറിച്ചു.
2008 ലെ ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം സ്വർണം നേടിയ താരം, 2014ൽ ബ്രസീലിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ തന്റെ ടീമിനെ ഫൈനലിലെത്തിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. 2015, 2016 വർഷങ്ങളിൽ അർജന്റീന കോപ്പ അമേരിക്ക ഫൈനലിലെത്തുമ്പോഴും അതിന് പിന്നിലെ പ്രധാന കാരണക്കാരനായി മെസിയുണ്ടായിരുന്നു. ദേശീയ ടീമിന് വേണ്ടി പ്രധാന കിരീടം നേടിയിട്ടില്ലെന്ന വിമർശനങ്ങൾക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും പിന്നാലെയുള്ള ലോകകപ്പും നേടിയാണ് മെസി മറുപടി നൽകിയത്.

മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് മെസി. എട്ട് ബലൻ ഡി ഓർ പുരസ്‌കാരങ്ങൾ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ, ഒരു യൂറോപ്യൻ ക്ലബ്ബ് സീസണിൽ കൂടുതൽ ഗോളുകൾ, അർജന്റീനയ്‌ക്ക് വേണ്ടി കൂടുതൽ ഗോളുകൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു.
കാലിൽ പന്ത് കിട്ടുന്നിടത്തോളം കാലം അവൻ ഈ കണക്കുകൾ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും, നേട്ടങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. പണ്ട് കുട്ടിക്കാലത്ത് ഉയരക്കുറവുകൊണ്ട് തനിക്ക് നഷ്ടമായ റൊസാരിയോയിലെ തെരുവുകൾ ഇന്ന് അവന് വേണ്ടി നീലയണിഞ്ഞു. അവനെ സ്വീകരിക്കാൻ വീഥികൾ മനുഷ്യസാഗരമായി മാറി..















