വെസ്റ്റിൻഡീസിനെ വീഴ്‌ത്തി സെമി ഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോർ വെസ്റ്റിൻഡീസ് 135-8, ദക്ഷിണാഫ്രിക്ക 124-7. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.
മഴ നിയമപ്രകാരം പ്രോട്ടീസിന്റെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസാക്കി കുറച്ചിരുന്നു. ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗിന് ഇറങ്ങിയതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു. ഇതോടെയാണ് ഓവറും വിജയലക്ഷ്യവും വെട്ടിച്ചുരുക്കിയത്. മത്സരം നിർത്തിവച്ചപ്പോൾ ദക്ഷിണാഫ്രിക്ക 15ന് 2 എന്ന നിലയിലായിരുന്നു. ക്വിന്റൺ ഡി കോക്കിന്റെയും(12) റീസ ഹെൻഡ്രിക്സിന്റെയും(0) വിക്കറ്റുകളാണ് പ്രോട്ടീസിന് നഷ്ടമായത്. 8-ാം ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടിയ ദക്ഷിണാഫ്രിക്ക പിന്നീട് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മാർക്കോ യാൻസന്റെ ഇന്നിംഗ്‌സാണ് (21) ദക്ഷിണാഫ്രിക്കയെ സെമിയിലെത്തിച്ചത്. ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം(18), ട്രിസ്റ്റൺ സ്റ്റബ്സ്(29), ഹെന്റിച്ച് ക്ലാസൻ(22) എന്നിവരാണ് പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ. വിൻഡീസിനായി റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അൽസാരി ജോസഫും ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിന് റോസ്റ്റൺ ചേസിന്റെയും(52), കെയ്ൽ മയോഴ്സിന്റെയും(35) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ആന്ദ്രെ റസൽ(15), അൽസാരി ജോസഫ്(11) എന്നിവരാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്കായി തബ്രിസ് ഷംസി് മൂന്ന് വിക്കറ്റെടുത്തു.