കണ്ണൂർ: സിപിഎമ്മിന്റെ ശൈലി മാറ്റാൻ തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ എംവി ഗോവിന്ദൻ വ്യക്തമാക്കി.
ജില്ലാ കമ്മിറ്റിയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മാറ്റേണ്ടതെല്ലാം മാറ്റാമെന്നും ശൈലി മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് തയ്യാറാണെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. താഴേത്തട്ട് മുതൽ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയിലും സർക്കാരിലും മാറ്റം വരുമെന്നും സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഇനി മുതൽ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണത്തിൽ എ.കെ.ബാലനെപ്പോലുളളവർ മറുപടി പറയേണ്ടി വരുന്നത് എന്തുകൊണ്ടെന്നും വീണാ വിജയൻ പ്രതികരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടെന്നും ചോദ്യം ഉയർന്നു. മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളല്ല മറുപടി പറയേണ്ടതെന്നും വീണ വിജയനാണ് മറുപടി പറയേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടി കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.