ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണ്ണാടക കോൺഗ്രസിൽ കസേരകളി പുനരാരംഭിച്ചു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഡി കെ ശിവകുമാർ വിഭാഗവും ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ അധികാരം കുറയ്‌ക്കാൻ മുഖ്യമന്ത്രിയുടെ വിഭാഗവും കളി തുടങ്ങി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കൂടുതൽ സീറ്റ് ലഭിക്കണമെങ്കിൽ വിവിധ സമുദായങ്ങളിലെ മൂന്ന് നേതാക്കൾക്കായി മൂന്ന് ഡിസിഎം തസ്തികകൾ കൂടി സൃഷ്ടിക്കണമെന്ന തന്റെ മുൻ ആവശ്യം സഹകരണ മന്ത്രി കെ എൻ രാജണ്ണ വീണ്ടും ഉന്നയിച്ചു. നേതാക്കളെ അവഗണിച്ചാൽ വിവിധ സമുദായങ്ങളിലെ ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് ബാപ്പുജി കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കഴിഞ്ഞ ദിവസം രാജണ്ണ പറഞ്ഞു. ഒരു വിഭാഗം ആളുകൾ മാത്രം അധികാരം നിലനിർത്തിയാൽ, വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവർ അകന്നുപോയേക്കാം. ആ പശ്ചാത്തലത്തിലാണ് കൂടുതൽ ഡിസിഎം പദവികൾ വേണമെന്ന് താൻ വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതും വായിക്കുക
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, കൂടുതൽ ലോക്‌സഭാ സീറ്റുകൾ നേടുന്നതിന് നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കൂടാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കണമെന്ന ആവശ്യം കെ എൻ രാജണ്ണ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയുടെയും വ്യവസായ മന്ത്രി എം.ബി.പാട്ടീലിന്റെയും പേരുകളാണ് അന്ന് ചർച്ചയായത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയെപ്പോലെയുള്ള പാർട്ടിയിലെ ദളിത് നേതാക്കളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഈ പ്രശ്നം ഉന്നയിക്കരുതെന്ന് രാജണ്ണയ്‌ക്ക് മുന്നറിയിപ്പ് നൽകി ഒതുക്കുകയായിരുന്നു .
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലുള്ള ശീതസമരമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്.കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ഡി കെ ശിവകുമാറിന്റെ പ്രസക്തി കുറയ്‌ക്കാനാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നത്.
എന്നാൽ മൂന്ന് ഉപമുഖ്യമന്ത്രി തസ്തികകൾ സൃഷ്ടിക്കുന്നത് രാജണ്ണയുടെ വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരെയും ഡിസിഎം ആക്കണമെന്നു പറഞ്ഞാൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിസഭയും ഡിസിഎം ആകട്ടെ, നടക്കുമോ?; പ്രിയങ്ക് ഖാർഗെ ചോദിച്ചു.
ഇതും വായിക്കുക
ഞങ്ങൾ ഹൈക്കമാൻഡിന്റെ അടിമകളല്ല: കർണാടക മന്ത്രി കെ എൻ രാജണ്ണ; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു……
ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷും ഈ ആവശ്യത്തോട് എതിർപ്പ് പ്രകടിപ്പിച്ചു.
“ഉപമുഖ്യമന്ത്രി ആകാൻ യോഗ്യരായ എട്ടിലധികം നേതാക്കൾ പാർട്ടിയിലുണ്ട്. പാർട്ടി തീരുമാനിച്ചാൽ 8-10 ഡിസിഎംമാർ കൂടി വരുന്നത് നന്നായിരിക്കും… എട്ടു തവണ എംഎൽഎ ആയിരുന്ന രാമലിംഗറെഡ്ഡി, എട്ടു വർഷം കെപിസിസി പ്രസിഡൻ്റായി പാർട്ടിയെ നയിച്ച ഡോ.ജി.പരമേശ്വർ, സതീഷ് ജാരക്കിഹോളി, ഈശ്വര. ഖണ്ഡ്രെ, എം ബി പാട്ടീൽ, സമീർ അഹമ്മദ് ഖാൻ (ന്യൂനപക്ഷ ക്വാട്ട), കൃഷ്ണ ബൈരെ ഗൗഡ, എൻ.ചലുവരയ്യസ്വാമി, ദിനേഷ് ഗുണ്ടു റാവു, ആർ.വി. ദേശ്പാണ്ഡെ എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കി ആക്കി സാമൂഹിക നീതി നടപ്പാക്കാമായിരുന്നുവെന്നും” അദ്ദേഹം പരിഹസിച്ചു.
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട വിവാദം പുതിയ കാര്യമല്ല. ഇടയ്‌ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ അനുയായികളും നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രി മാറുന്നതിനെക്കുറിച്ച് വെടിപൊട്ടിക്കാറുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിട്ടും കോൺഗ്രസിന് കർണ്ണാടകയിൽ ഒമ്പത് സീറ്റുകൾ മാത്രമാണ് നേടാനായത്. ബെംഗളൂരു റൂറൽ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുജൻ ഡി കെ സുരേഷ് പരാജയപ്പെട്ടു. സഹോദരനെ വിജയിപ്പിക്കാൻ ശിവകുമാർ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇത് രാഷ്‌ട്രീയമായി ശിവകുമാറിന് തിരിച്ചടിയായിട്ടുണ്ട്. സുരേഷിന്റെ തോൽവിക്ക് പിന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് ശിവകുമാറിന്റെ അനുയായികൾ ആരോപിക്കുന്നു.
ഇതും വായിക്കുക
ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശിവകുമാർ പക്ഷം നീങ്ങുകയാണ്. നിയമസഭാ സമ്മേളനം കഴിഞ്ഞാൽ ഇത് കൂടുതൽ സജീവമാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം മുൻകൂട്ടിക്കണ്ടുകൊണ്ട് ശിവകുമാറിന് ചെക്ക് വെച്ചതാണ് ഈ ഉപമുഖ്യമന്ത്രി വിവാദം.
ശിവകുമാറിന്റെ സ്വാധീനം കുറയ്‌ക്കാനാണ് സിദ്ധരാമയ്യയുടെ പിന്തുണയുള്ള മന്ത്രിമാരും നേതാക്കളും ഒരു അധിക ഉപമുഖ്യമന്ത്രി സ്ഥാനം സൃഷ്ടിക്കാൻ പാർട്ടിയിലെ ഉന്നതരിൽ സമ്മർദ്ദം ചെലുത്തുന്നത്.ഇതിലൂടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിലനിർത്താനാണ് ഇവരുടെ പദ്ധതി.
അതിനിടെ, കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്‍താവനയും മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി , “ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയാലും പദ്ധതികൾ നിർത്തില്ല. ആരു മുഖ്യമന്ത്രി ആയാലും പദ്ധതികൾ തുടരും. ഇക്കാര്യത്തിൽ ആർക്കും ആശയക്കുഴപ്പമോ സംശയമോ ഉണ്ടാകേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡൻ്റായ ഡികെ ശിവകുമാർ നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക ഉപമുഖ്യമന്ത്രിയാണ്.















