കൊച്ചി: ലണ്ടനിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനത്തിനെതിരെ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിൽ. വിമാനം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശി സുഹൈബിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ സുഹൈബും കുടുംബവും ചെക്ക്-ഇൻ ചെയ്യുന്നതിനിടെ പിടിയിലാവുകയായിരുന്നു. എയർഇന്ത്യയുടെ പരാതിയിന്മേലാണ് നടപടി.
ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ സുഹൈബിന്റെ മകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും അതുകൊണ്ട് തിരിച്ച് പോകാനെടുത്ത യാത്രാടിക്കറ്റ് വേറേ ഒരു ദിവസത്തേക്ക് നീട്ടി നൽകണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ഇക്കാര്യം എയർ ഇന്ത്യ നിരാകരിച്ചതിനെ തുടർന്ന് സുഹൈബ് ബോംബ് ഭീഷണി നടത്തിയെന്നാണ് എയർ ഇന്ത്യയുടെ പരാതി.
ലണ്ടനിലേക്ക് പോകാനിരുന്ന എഐ149 വിമാനത്തിന് നേരെയായിരുന്നു ഭീഷണി ഉയർത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർ ഇന്ത്യയുടെ മുംബൈയിലെ കോൾ സെന്ററിലേക്കായിരുന്നു ഇയാൾ ഭീഷണി സന്ദേശം അയച്ചത്. വിവരം ഉടൻ തന്നെ കൊച്ചിയിലേക്ക് കൈമാറുകയും ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റി സ്‌ഥലത്തെത്തി വ്യാപക പരിശോധന നടത്തുകയുമായിരുന്നു. വിമാനത്തിൽ അപകടകരമായ വസ്തുക്കളില്ലെന്നും സുരക്ഷിതമാണെന്നും വിലയിരുത്തിയതോടെ 215 യാത്രക്കാരുമായി വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടു.