കോട്ടയം: അവധി ദിനത്തിലും ജനങ്ങൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദന കത്ത്. പൊതു താത്പര്യ സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയാണ് സുരേഷ് ഗോപിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് കത്തെഴുതിയിരിക്കുന്നത്. വാട്സ്ആപ്പ് വഴി പരാതി അറിയിച്ച് 48 മണിക്കൂറിനുള്ളിൽ സുരേഷ് ഗോപി പരിഹാരം കണ്ടെത്തിയതായി സെൻ്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ പറഞ്ഞു.
36 വർഷമായി ജയിംസ് വടക്കൻ പൊതു പ്രവർത്തന രംഗത്ത് സജീവമാണ്. മൂന്നര പതിറ്റാണ്ടിനിടെ ആദ്യ അനുഭവമാണിതെന്നും അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് സുരേഷ് ഗോപിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. അടുത്തിടെയാണ് ജയിംസിന്റെ മരുമകൻ കോട്ടയം പാലയിലെ കടപ്പാട്ടൂരിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ നിന്ന് ഡീസലടിച്ചത്. എന്നാൽ പതിവിൽ നിന്നും വിപരീതമായി കാറിലെ വാണിംഗ് ലൈറ്റുകൾ തെളിയുകയും ശബ്ദം വരികയും ചെയ്തിരുന്നു. ഡീസലിൽ വെള്ളം കയറിയതായിരുന്നു കാരണം. തുടർന്ന് ഡീസൽ ഊറ്റി കളഞ്ഞ് ടാങ്ക് വൃത്തിയാക്കി.
ഡീസൽ വിലയായ 3,394 രൂപയും ടാങ്ക് വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കിയതിന് 6,500 രൂപയുമടക്കം 9,894 രൂപ ചെലവായെന്നും ജയിംസ് പറയുന്നു. ഇക്കാര്യം പമ്പ് ജീവനക്കാരെ അറിയിക്കാനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനെ ഈ വിവരമറിയിക്കുന്നത്.
മണിക്കൂറുകൾക്കകം പമ്പിലെ ഡീസൽ വിൽപന നിർത്താനും പരിശോധനകൾക്ക് ശേഷം മാത്രം ഡീസൽ വിൽപന ആരംഭിച്ചാൽ മതിയെന്നും ഉത്തരവുണ്ടായതായി ജയിംസ് കുറിപ്പിൽ പറയുന്നു. പിറ്റേന്ന്, ഞായറാഴ്ച ആയിരുന്നിട്ടും സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു. തിങ്കാളാഴ്ച കാറുടമയുടെ അക്കൗണ്ടിലേക്ക് നഷ്ടമായ മുഴുവൻ തുകയും ഐ.ഒ.സി ഡീലർ അയച്ചു നൽകി. 48 മണിക്കൂറിനുള്ളിൽ പരാതി സമ്പൂർണമായി പരിഹരിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. തിരക്കേറിയ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സുരേഷ് ഗോപിയുടെ പ്രവർത്തന ശൈലി മാതൃകയാകട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നു.















