സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സമയം വൈകിപ്പിക്കാൻ പരിക്ക് അഭിനയിച്ചെന്ന ആരോപണം നേരിടുന്ന അഫ്ഗാൻ താരം ഗുൽബദീൻ നായിബിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ് താരത്തിന്റെ പ്രവൃത്തിയെന്നാണ് വിലയിരുത്തൽ. പരാതികളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ താരത്തിനെതിരെ ഐസിസിയുടെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ഐസിസി ആർട്ടിക്കിൾ 2.10.7 പ്രകാരം സമയം വൈകിപ്പിക്കുന്നത് ലെവൽ 1 അല്ലെങ്കിൽ 2 കുറ്റമായി കണക്കാക്കുന്നു. ലെവൽ 1 കുറ്റത്തിന് 100% മാച്ച് ഫീ പിഴയും രണ്ട് സസ്‌പെൻഷൻ പോയിന്റുമാണ് ശിക്ഷ. കലണ്ടർ വർഷം ഒരു താരത്തിന് നാല് സസ്‌പെൻഷൻ പോയിന്റുകൾ ലഭിച്ചാൽ, ഒരു ടെസ്റ്റ് മത്സരം, രണ്ട് ഏകദിന- ടി20 മത്സരങ്ങളിൽ നിന്ന് വിലക്കാനുള്ള അധികാരം ഐസിസിക്കുണ്ട്.
ടി20 മത്സരങ്ങൾക്കുള്ള ഐസിസിയുടെ ആർട്ടിക്കിൾ 41.9 അനുസരിച്ച് ബൗളറോ ഫീൽഡറോ സമയം പാഴാക്കിയാൽ അഞ്ച് റൺസ് പെനാൽറ്റി വിധിക്കും. അമ്പയറിനാണ് ഇതിനുള്ള അധികാരം. ബോധപൂർവ്വം സമയം വൈകിപ്പിച്ചെന്ന് കണ്ടെത്തിയാൽ മത്സര ശേഷം അമ്പയർക്ക് ഐസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാം.
മത്സരം മന്ദഗതിയിലാക്കാൻ ഗുൽബാദീൻ നായിബ് പുറത്തെടുത്ത തന്ത്രമാണ് താരത്തിന് തന്നെ പണിയാകുന്നത്. ബംഗ്ലദേശ് ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലായിരുന്നു നായിബിന്റെ അഭിനയം. ഡെക്ക്വെർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് മുന്നിലെത്താതിരിക്കാനായിരുന്നു ഇത്. ഡഗ്ഔട്ടിലുണ്ടായിരുന്ന അഫ്ഗാൻ കോച്ച് ജൊനാഥൻ ട്രോട്ടാണ് നായിബിന് നിർദ്ദേശം നൽകിയത്.