അഫ്ഗാനിസ്ഥാനെ തകർത്ത് ചരിത്ര ഫൈനലിന് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക. ടി20 ലോകകപ്പ് സെമിയിൽ 9 വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം 8.5 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 29ന് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളായിരിക്കും എതിരാളികൾ. ടി20 ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ മാർക്കോ ജാൻസനാണ് അഫ്ഗാനെ തകർത്തത്.
ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം നഷ്ടമായത്. 5 റൺസെടുത്ത താരത്തെ ഫസൽ ഫറൂഖി ബൗൾഡാക്കുകയായിരുന്നു. പിന്നാലെ റീസ ഹെൻഡ്രിക്‌സും (29)എയ്ഡൻ മാർക്രവും(21) ചേർന്ന് ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം സമ്മാനിക്കുകയായിരുന്നു. 67 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ അനായാസ ജയം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ അഫ്ഗാനിസ്ഥാൻ അടിയറവ് പറയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ റഹ്‌മാനുള്ള ഗുർബാസിനെ(0) മടക്കിയാണ് പ്രോട്ടീസ് ബൗളർമാർ തുടങ്ങിയത്. പവർ പ്ലേയിൽ 28 റൺസിന് 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു അഫ്ഗാൻ. ഇബ്രാഹിം സദ്രാൻ(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2), ഗുൽബാദിൻ നായിബ്(9) എന്നിവരുടെ വിക്കറ്റാണ് പവർ പ്ലേയിൽ നഷ്ടമായത്. 12 പന്തിൽ 10 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. മറ്റു താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി മാർകോ ജാൻസൻ, തബ്രിസ് ഷംസി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്‌ത്തി. കഗിസോ റബാദയും ആന്റിച്ച് നോർക്ക്യയും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നാണ് അഫ്ഗാനിസ്ഥാന്റെ മടക്കം. ടി20 ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. രാജ്യാന്തര ക്രിക്കറ്റിലെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ഇന്ന് ട്രിനിഡാഡിൽ പിറന്നത്. കഴിഞ്ഞ വർഷം നടന്ന എസിഎ കപ്പ് സെമി ഫൈനലിൽ ബോട്‌സ്വാന നേടിയ 62 റൺസായിരുന്നു ഇതുവരെയുള്ള ചെറിയ സ്‌കോർ.