തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ നൽകിയതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവർക്കെതിരെയാണ് നപടി.
കോടതിയലക്ഷ്യത്തിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന് പിന്നാലെയാണ് സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ നൽകിയത് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ ഉൾപ്പെടുന്ന ജയിൽ ഉപദേശക സമിതിയാണ്. പ്രതികൾക്ക് ഇളവ് നൽകാൻ സർക്കാർ ശ്രമം ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ ആവർത്തിച്ചിരിക്കെയാണ് സർക്കാർ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ടിപി കേസിലെ നാല് പ്രതികളുടെ ശിക്ഷാ ഇളവിനാണ് നീക്കം നടന്നത്. പ്രതിപ്പട്ടികയിലുള്ള മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ ശിക്ഷാ ഇളവിനും നീക്കം നടന്നു. പ്രതികൾക്ക് 20 വർഷം ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഇത് മറികടന്ന് കൊണ്ടുള്ള നീക്കം.