പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ. തിയേറ്ററുകൾക്ക് പുറത്ത് ആഘോഷങ്ങൾ തുടരുകയാണ്. അതിരാവിലെ തന്നെ ആദ്യ ഷോ കാണാനായി പ്രേക്ഷകരുടെ കുത്തൊഴുക്കാണ് തിയേറ്ററുകളിലേക്കെത്തിയത്. സിനിമ കണ്ടിറങ്ങിയ ആരാധകർ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഘോഷിച്ചു. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ നാഗ് അശ്വിൻ ഒരുക്കുന്ന ദൃശ്യവിസ്മയം കാണാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് ആരാധകരുടെ ആദ്യ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.
മിക്ക തിയേറ്ററുകൾക്ക് മുന്നിലും പ്രഭാസിന്റെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിന് മുന്നിൽ നിന്നാണ് ആരാധകർ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നത്. ഉത്സവ അന്തരീക്ഷമൊരുക്കിയാണ് കൽക്കിയെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററുകൾക്ക് അകത്തും പുറത്തും ആരാധകരുടെ ആഘോഷങ്ങൾ അതിരില്ലാതെ തുടരുകയാണ്. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നാണ് ചിത്രം സമ്മാനിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പായി നാഗ് അശ്വിനും പ്രഭാസും ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യേക്ഷപ്പെട്ടിരുന്നു. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ചിത്രത്തിൽ ഗസ്റ്റ്റോളിലെത്തുന്നുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആരാധകരുടെ ആകാംക്ഷയും ഇരട്ടിയായി.
2020-ൽ പ്രഖ്യാപിച്ച ചിത്രം കൊവിഡ് വ്യാപനം കാരണമാണ് മാറ്റിവച്ചത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിലും കോടികളാണ് കൽക്കി വാരികൂട്ടിയത്. വിദേശത്തും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്നാണ് ആദ്യ ഷോ കഴിയുമ്പോൾ പുറത്തുവരുന്ന വിവരം.