പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന കൽക്കി 2898 എഡിയുടെ പ്രതീക്ഷകളെ ശരിവയക്കുന്ന പ്രതികരണങ്ങൾ തന്നെയാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. കൽക്കിയുടെ തിരക്കഥയും ആശയവും ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ആദ്യ പ്രദർശനത്തിന് ശേഷം പ്രേക്ഷകർ പറയുന്നു. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ വിരുന്നാണ് കൽക്കി സമ്മാനിച്ചിരിക്കുന്നത്.
മഹാഭാരത യുദ്ധത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം അവസാനം വരെയും മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ മുതൽ ദുൽഖർ സൽമാൻ വരെ സ്ക്രീൻപ്രസൻസിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലെ മേക്കിംഗ് ആയിരുന്നു സംവിധായകൻ നാഗ് അശ്വിന്റേത്.
ചിത്രത്തിലൂടെ പ്രഭാസിന്റെ തിരിച്ചു വരവ് കൂടിയാണെന്നാണ് ചിത്രം കണ്ടെവർ പറയുന്നത്. ദീപിക പദുക്കോൺ, ശോഭന, ശാശ്വത ചാറ്റർജി, അന്ന ബെൻ, പശുപതി, രാജേന്ദ്ര പ്രസാദ്, ദിഷ പഠാണി എന്നിവരുടെ കഥാപാത്രങ്ങൾക്കും പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയ സന്തോഷ് നാരായണനും പ്രശംസ അർഹിക്കുന്നുണ്ട്.
ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഭൂമിയിൽ ഇറങ്ങിവന്ന മഹാവിഷ്ണുവിന്റെ അവതാരത്തെ ചുറ്റിപ്പറ്റിയാണ് കഥ. സയൻസ് ഫിക്ഷനും ഇന്ത്യൻ മിത്തോളജിയും ചേർത്ത് വമ്പൻ മേക്കിംഗിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.