ചെന്നൈ ; ആറ് മാസമായി ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബർദ്വാൻ കിഴക്ക് സ്വദേശിയായ അൻവർ അനിസുർ റഹ്മാൻ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോയമ്പേട്ടിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ അലക്കു ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
പുതുതായി രൂപീകരിച്ച ഭീകര സംഘടനയായ അൻസാർ അൽ ഇസ്ലാം എന്ന സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അൽഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയാണിത് .പശ്ചിമ ബംഗാളിലെ ബർദ്വാനിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം 10 വർഷത്തിന് ശേഷമാണ് അനിസുർ റഹ്മാന്റെ അറസ്റ്റ്.
ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയാണ് അൻസാർ അൽ ഇസ്ലാം . ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ഈ ഭീകര സംഘവുമായി ബന്ധമുള്ള അഞ്ച് പേരെ ബംഗ്ലാദേശ് തീവ്രവാദ വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാളിലേക്ക് നുഴഞ്ഞുകയറിയ അനിസുർ കോളേജ് വിദ്യാർത്ഥികളെ ബ്രെയിൻ വാഷ് ചെയ്ത് അൻസാർ അൽ-ഇസ്ലാം തീവ്രവാദ ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ട് ഇന്ത്യയിലുടനീളം തങ്ങളുടെ തീവ്രവാദ സംഘടന വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ സ്‌പെഷ്യൽ ഫോഴ്‌സ് പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഹബീബുള്ള എന്ന കോളേജ് വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട് .