ബെംഗളൂരു: കർണ്ണാടക കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയ മാനം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ച് ഡികെ ശിവകുമാറിന് സ്ഥാനം നൽകണമെന്ന് വൊക്കലിഗ മഠാധിപതി രംഗത്തു വന്നു. കർണാടകയിലെ വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയാണ് പൊതുവേദിയിൽ ഈ ആവശ്യം ഉന്നയിച്ചത്. സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും കൂടി സാന്നിധ്യത്തിലായിരുന്നു ഇത്.
ബെംഗളൂരു സ്ഥാപകൻ കെംപെ ഗൗഡയുടെ 515-ാം ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും സാന്നിധ്യത്തിൽ ചന്ദ്രശേഖര സ്വാമി ഈ ആവശ്യം ഉന്നയിച്ചത്.
“എല്ലാവരും മുഖ്യമന്ത്രിമാരായി അധികാരം ആസ്വദിച്ചു. എന്നാൽ നമ്മുടെ ഡികെ ശിവകുമാർ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല,” സിദ്ധരാമയ്യ ഇതിനകം അധികാരത്തിലേറിയിട്ടുണ്ടെന്നും ശിവകുമാറിന് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്നും താങ്കൾ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. അതുകൊണ്ട് ഡികെ ശിവകുമാറിന് അവസരം നൽകുക. സിദ്ധരാമയ്യ മനസ്സുവെച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് ചന്ദ്രശേഖര സ്വാമിജി വേദിയിൽ ആവശ്യപ്പെട്ടു.
ഇതും വായിക്കുക
നാദപ്രഭു കെംപെഗൗഡ ഹെറിറ്റേജ് ഏരിയ ഡവലപ്‌മെൻ്റ് അതോറിറ്റിയും ബിബിഎംപിയും കന്നഡ സാംസ്‌കാരിക വകുപ്പും ചേർന്ന് സംഘടിപ്പിച്ച ബെംഗളൂരു സ്ഥാപകൻ കെംപെ ഗൗഡയുടെ 515 -ാം ജന്മവാർഷികത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ദർശകൻ ഇക്കാര്യം ആവശ്യപ്പെട്ടത് .
നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ രാഷ്‌ട്രീയ സ്വാധീനം ചോർത്താനുള്ള സിദ്ധരാമയ്യയുടെ ശ്രമത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിമാരുടെ ഒന്നിലധികം പദവികൾ സൃഷ്ടിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഇത് കർണ്ണാടക കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന കസേരകളിയെ കൂടുതൽ സങ്കീർണ്ണമാക്കും.















