‘ഗഗനചാരി’ സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സർപ്രൈസ് ഒരുക്കി നായകൻ ഗോകുൽ സുരേഷ്. വ്യത്യസ്തമായ പ്രമോഷനുമായാണ് താരം കഴിഞ്ഞ ദിവസം കൊച്ചിയിലസെ സവിത തിയേറ്ററിലെത്തിയത്. സിനിമ കാണാനെത്തിയ പ്രേക്ഷകർ കണ്ടത് ടിക്കറ്റ് കൗണ്ടറിൽ നിൽക്കുന്ന ഗോകുൽ സുരേഷിനെയാണ്. നടനെ കണ്ടതോടെ ടിക്കറ്റ് കൗണ്ടറിൽ ആരാധകരും തടിച്ചുകൂടി.
ഗോകുൽ സുരേഷിനെ നേരിട്ട് കാണാനും ടിക്കറ്റുകൾ താരത്തിന്റെ കയ്യിൽ നിന്നും വാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായട്ടാണ് സയൻസ് ഫിക്ഷൻ സിനിമ ഇറങ്ങിയത്. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രം സയൻസ് കോമിക്ക് വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ജൂൺ 21-ന് തിയേറ്ററിലെത്തിയ ചിത്രത്തിൽ 2043-ൽ സംഭവിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. പ്രളയവും അന്യഗ്രീഹജീവി ആക്രമണം ഉൾപ്പെടെ വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്.
ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് ഗഗനചാരി. സംസ്ഥാനത്ത് നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്സ് എന്നീ വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ് ,ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ , അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചതിന് ശേഷമാണ് റിലീസ് ചെയ്തത്.