വിഷമിക്കണ്ട, ഫൈനലിൽ കോലി ഫോമിലെത്തും; ആശങ്ക വേണ്ടെന്ന് ആരാധകരോട് രോഹിത്

Published by
Janam Web Desk

ടി 20 ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് വിരാട് കോലി ഫോമിലേക്ക് ഉയരാത്തത് തിരിച്ചടിയാകുമോ?. ഫൈനൽ ടിക്കറ്റ് ഉറപ്പിക്കും മുൻപേ സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിരുന്നു. കോലിയുടെ മോശം ഫോം എല്ലാവരെയും അലട്ടുന്നുണ്ട്. ആരാധകരുടെ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയരുമ്പോൾ താരത്തെ ചേർത്ത് നിർത്തുകയാണ് നായകൻ രോഹിത് ശർമ്മ. താരത്തിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ഫൈനലിന് വേണ്ടി അദ്ദേഹം മികച്ച പ്രകടനം മാറ്റി വച്ചതാകാമെന്നും ആയിരുന്നു രോഹിതിന്റെ മറുപടി.

”വിരാട് കോലി എത്ര കഴിവുള്ള താരമാണെന്ന് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിലൂടെ പലപ്പോഴും താരങ്ങൾക്ക് കടന്ന് പോകേണ്ടതായി വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര ടൂർണമെന്റുകളിലെ അദ്ദേഹത്തിന്റെ പ്രധാന്യത്തെ കുറിച്ച് ടീം മാനേജ്‌മെന്റിന് വ്യക്തമായ ധാരണയുണ്ട്. 15 വർഷമായി ക്രിക്കറ്റ് കളിക്കുന്ന താരമാണ് വിരാട്. ഫൈനലിൽ അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സ് നമുക്ക് കാണാൻ കഴിഞ്ഞേക്കും.” രോഹിത് പറഞ്ഞു.

ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 9 റൺസാണ് താരം നേടിയത്. ലോകകപ്പ് സെമി ഫൈനലിലെ കോലിയുടെ ഏറ്റവും മോശം സ്‌കോറാണിത്. മുമ്പ് നടന്ന മൂന്ന് ടി20 ലോകകപ്പ് സെമി ഫൈനലിലും കോലി അർദ്ധ സെഞ്ച്വറി നേടിയിരുന്നു. 2014-ൽ 72, 2016-ൽ 89, 2022-ൽ 50 എന്നിങ്ങനെയാണ് റൺസ്. ഏഴ് മത്സരങ്ങളിൽ നിന്ന് 75 റൺസാണ് കോലിയുടെ ഈ ലോകകപ്പിലെ സമ്പാദ്യം.

Share
Leave a Comment