ചെന്നൈ: തമിഴ്നാട്ടിൽ നല്ല നേതാക്കന്മാരില്ലെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പഠിപ്പുള്ളവർ രാഷ്ട്രീയത്തിലേക്ക് വരണമെന്നും എന്നും നല്ല നേതൃത്വമാണ് വേണ്ടതെന്നും വിജയ് പറഞ്ഞു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലോകത്ത് ഡോക്ടർമാരും എഞ്ചിനിയർമാരും ധാരാളമുണ്ട്. എന്നാൽ നല്ല നേതാക്കന്മാർ കുറവാണ്. അതാണ് നമുക്ക് വേണ്ടത്. ഇനിയും നമുക്ക് ഒരുപാട് നേതാക്കന്മാർ ആവശ്യമുണ്ട്. നന്നായി പഠിക്കുന്നവർ ഉറപ്പായും രാഷ്ട്രീയത്തിലേക്ക് വരണം. നന്നായി പഠിക്കുന്നവർ നല്ല നേതാക്കന്മാരായി രാജ്യത്തെ മുന്നോട്ട് നയിക്കണം. എല്ലാ കാര്യങ്ങളും അറിഞ്ഞ് പഠിച്ചവരായിരിക്കണം നേതാക്കന്മാർ ആകേണ്ടത്- വിജയ് പറഞ്ഞു.
വിദ്യാർത്ഥികൾ രാഷ്ട്രീയം ഒരു കരിയറായി കാണണമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന വാർത്തകൾ നിരീക്ഷിച്ച് രാഷ്ട്രീയ പാർട്ടികൾ പറയുന്നതിന്റെ തെറ്റും ശരിയും മനസിലാക്കി കൃത്യമായ തീരുമാനമെടുക്കണമെന്നും വിജയ് പറഞ്ഞു.
തമിഴക വെട്രി കഴകം പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള വിജയിയുടെ ആദ്യ പൊതുപരിപാടിയാണിത്. വേദിയിലിരിക്കാതെ സദസിൽ കുട്ടികളോടൊപ്പമിരുന്നാണ് വിജയ് പരിപാടിയിൽ പങ്കെടുത്തത്. ദളിത് വിദ്യാർത്ഥികളോടൊപ്പം വിജയ് ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദളിത് വോട്ട് ബാങ്കാണ് വിജയ് ലക്ഷ്യം വെക്കുന്നതെന്ന പ്രചാരണവും രാഷ്ട്രീയകേന്ദ്രങ്ങളിൽ ശക്തമാണ്.