തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ ഇതിൽ കഴമ്പില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഭവ സമയത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുത്തച്ഛനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛൻ നിപരാധിയാണെന്ന് തെളിഞ്ഞത്. പിന്നാലെ മുത്തച്ഛനെ പൊലീസ് വിട്ടയച്ചു.
അമ്മൂമ്മയുടെ കൈയിൽ നിന്ന് ചായപ്പാത്രം തെന്നി വീണാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് വിവരം. കുട്ടി വസ്ത്രത്തിൽ പിടിച്ചുവലിച്ചതോടെ പാത്രം തെന്നിവീണു. ഇക്കാര്യം അമ്മൂമ്മ സമ്മതിച്ചിട്ടുണ്ട്. ഈ സമയം മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നു.