ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് സുരേഷ് ഗോപിക്കെതിരെ വളരെ മോശം ഭാഷയിലാണ് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചത്. സുരേഷ് ഗോപി തൃശൂരിലെ ഒരു പള്ളിയിൽ നിന്നും നോമ്പ് കഞ്ഞി കുടിച്ചതിനെയും ലൂർദ് മാതാവിന് സ്വർണ്ണ കിരീടം നൽകിയതിനെയും വളരെ തരംതാഴ്ന്ന രീതിയിലാണ് ഗണേഷ് കുമാർ പരിഹസിച്ചത്. ഇതിനെതിരെ മേജർ രവി അടക്കമുള്ള സിനിമാരംഗത്തെ പ്രമുഖർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചിരിക്കുകയാണ് നടൻ ധർമ്മജൻ ബോൾഗാട്ടി. സുരേഷ് ഗോപിയുടേത് പൊരുതി നേടിയ വിജയമാണെന്നും താരം പ്രതികരിച്ചു.
“ഗണേഷ് കുമാറുമായി അടുത്ത ബന്ധമുള്ള ആളാണ്. പക്ഷേ മാറിനിന്ന് ഒരാളെ കുറ്റം പറയുന്നത് ശരിയല്ല. അങ്ങനെ പറയാൻ പാടില്ല. ഇടവേള ബാബു ചേട്ടനെ പറ്റി ഗണേഷ് കുമാർ കുറ്റം പറഞ്ഞു. അങ്ങനെ പറയാൻ പാടില്ലായിരുന്നു. സുരേഷ് ഗോപിയെ പറ്റി മോശം പറയരുതായിരുന്നു. എനിക്കിതാണ് അദ്ദേഹത്തോട് പറയാനുള്ളത്.തൃശ്ശൂരിൽ മത്സരിച്ച മൂന്നുപേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. എനിക്ക് ഒരു രാഷ്‌ട്രീയമുള്ളതിനാൽ ഞാൻ കെ. മുരളീധരനുവേണ്ടി സംസാരിച്ചു എന്നുമാത്രം”.
“സുരേഷ് ഗോപിയുടെ വിജയം സിനിമാക്കാരുടെ വിജയമാണ്, തൃശ്ശൂർ മണ്ഡലത്തിലെ ജനങ്ങളുടെ വിജയമാണ്. അത് നല്ലതിനുവേണ്ടിയുള്ള വിജയമായാണ് ഞാൻ കാണുന്നത്. രണ്ടുതവണ പരാജയപ്പെട്ട സ്ഥലത്ത് പോരാടി നേടിയ വിജയമാണ് സുരേഷേട്ടന്റേത്. ആര് എന്തൊക്കെ കുറ്റം പറഞ്ഞാലും, അദ്ദേഹം ചെയ്ത പ്രവർത്തികൾ ജനങ്ങൾക്ക് അറിയാം”-ധർമ്മജൻ പറഞ്ഞു.