ഇംഗ്ലണ്ടുകാരനായ റിച്ചാർഡ് കെറ്റിൽബറോയും ഇന്ത്യയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. അത് ഇന്ത്യക്ക് അത്ര സുഖം പകരുന്നൊരു ബന്ധമല്ല താനും. 2014 ടി 20 ലോകകപ്പിൽ ഫൈനൽ മുതൽ തുടങ്ങിയതാണ് ഈ ബന്ധം. ശ്രീലങ്കയും- ഇന്ത്യയും ഫൈനലിന് ഏറ്റമുട്ടുമ്പോൾ ഓൺഫീൾഡ് അമ്പയറായി റിച്ചാർഡ് കെറ്റിൽബറോയും ഗ്രൗണ്ടിലുണ്ടായിരുന്നു. ഫൈനലിൽ ഇന്ത്യയെ മറികടന്ന് ശ്രീലങ്ക കപ്പുയർത്തി.
പിന്നീട് കെറ്റിൽബറോയുടെ സാന്നിദ്ധ്യമുണ്ടായിരുന്നത് 2015 ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ഓസ്ട്രേലിയയോട് 95 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. പിന്നീട് ഒരുപാട് നോക്കൗട്ട് മത്സരങ്ങളിൽ ഓൺഫീൾഡ് അമ്പയറായും ടിവി അമ്പയറായും റിച്ചാർഡ് എത്തിയപ്പോൾ ഇന്ത്യ പരാജയം രുചിക്കേണ്ടി വന്നു.
പിന്നീട് ഇന്ത്യ ഏറ്റവും അധികം കണ്ണീർ വാർത്തത് 2019 ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ധോണിയുടെ റണ്ണൗട്ട് തേർഡ് അമ്പയറിന് വിടുമ്പോഴുള്ള റിച്ചാർഡിന്റെ മുഖഭാവം ഒരു ഇന്ത്യൻ ആരാധകനും മറക്കാനിടയില്ല. അന്ന് ന്യൂസിലൻഡിനോട് ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇതിനിടെ 2016 ടി20 ലോകകപ്പ് സെമിയിലും 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യക്ക് പരാജയമായിരു ഫലം.
രണ്ടിലും ഓൺഫീൾഡ് അമ്പയറായി കെറ്റിൽബറോയുമുണ്ടായിരുന്നു. 2021ലും 23ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നഷ്ടപ്പെടുമ്പോഴും ടിവി അമ്പയറായിരുന്നു കെറ്റിൽബറോ. ഒടുവിൽ റിച്ചാർഡ് ഓൺഫീൾഡ് അമ്പയറായി എത്തിയത് ഇന്ത്യയിൽ നടന്ന എകദിന ലോകകപ്പ് ഫൈനലിലായിരുന്നു. ഇന്നത്തെ ടി20 ലോകകപ്പ് ഫൈനലിലും മൂന്നാം അമ്പയറായി റിച്ചാർഡ് കെറ്റിൽബറോ എത്തുന്നുണ്ട്. കിരീട വരൾച്ചയ്‌ക്കൊപ്പം ഇന്ത്യക്ക് കെറ്റിൽബറോ ചരിത്രം കൂടി തിരുത്തേണ്ടതുണ്ട്.ക്രിസ്റ്റഫർ ഗഫാനി, റിച്ചാർഡ് ഇല്ലിംഗ്വോത്ത് എന്നിവരാണ് ഓൺഫീൾഡ് അമ്പയർമാർ.